മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.
സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.
വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ഭക്ഷമന്ത്രി ജി ആര്‍ അനില്‍ എന്നിവരാണ് വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്.