കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കോരപ്പുഴയില്‍ പുതിയ പാലങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി പുഴ വന്‍തോതില്‍ മണ്ണിട്ട് നികത്തുന്നതിനെതിരെ മത്സ്യതൊഴിലാളികളും പരിസരവാസികളും കടുത്ത പ്രതിഷേധത്തില്‍. പാലം നിര്‍മ്മാണത്തിന് പൈലിംങ്ങ് നടത്താനും ഇരുമ്പ് കമ്പികള്‍ ഉപയോഗിച്ച് സ്‌ട്രെക്ച്ചര്‍ നിര്‍മ്മിക്കാനും വേണ്ടിയാണ് പുഴ നികത്തിയത്. പാലം നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് പുഴയില്‍ നിക്ഷേപിച്ച മണ്ണ് പൂര്‍ണ്ണമായി എടുത്തുമാറ്റുമെന്നാണ് കരാറുകാര്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ വലിയൊരു ഭാഗം മണ്ണ് പുഴയിലേക്ക് ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്. ഇത് പുഴ നികന്നുപോകാനും സ്വാഭാവികമായ ഒഴുക്കിനെ ബാധിച്ചേക്കുമെന്നുമാണ് മത്സ്യതൊഴിലാളികളുടെ ആശങ്ക. വലിയതോതില്‍ മത്സ്യസമ്പത്തിനെയും ഇത് ബാധിക്കും. മഴക്കാലത്ത് വെള്ളം ഒഴുകി പോകാതെ പ്രളയ സമാനമായ അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്.
കോരപ്പുഴയില്‍ നാല് വരിയില്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. പാലം നിര്‍മ്മാണത്തിന് കൂടുതല്‍ ഭാഗം മണ്ണിട്ട് നികത്താന്‍ അനുമതി തേടി കരാര്‍ കമ്പനി ജില്ലാ ഭരണ കൂടത്തെ സമീപിച്ചിരുന്നു. എന്നാല്‍ മത്സ്യ തൊഴിലാളികളുടെ എതിര്‍പ്പു കാരണം അനുമതി നല്‍കിയിട്ടില്ല. നികത്തിയ സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാണ് മീന്‍ പിടുത്ത തൊഴിലാളികളുടെയും പ്രദേശ വാസികളുടെയും ആവശ്യം. ഇതിനായി എല്ലാ വിഭാഗം മത്സ്യതൊഴിലാളികളും അടങ്ങുന്ന കര്‍മ്മ സമിതി രൂപവല്‍ക്കരിച്ചിട്ടുണ്ട്.
പുഴയുടെ ഇരു ഭാഗത്തുമായി 60 ശതമാനം സ്ഥലം മണ്ണിട്ട് നികത്തിയാണ് പാലം പണിതത്. കോരപ്പുഴയില്‍ തന്നെ ഉള്ളൂര്‍ കടവിലും തോരായിക്കടവിലും മണ്ണിട്ട് നികത്താതെയാണ് പാലം പണിയുന്നത്. ഇതേ രീതിയില്‍ കോരപ്പുഴയിലും പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനി ഒരു തരത്തിലും പുഴ നികത്താന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ തീരുമാനമെന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലും സ്ഥിരം സമിതി അധ്യക്ഷ എം.പി സന്ധ്യയും പറഞ്ഞു. നിക്ഷേപിച്ച മണ്ണ് പൂര്‍ണ്ണമായി എടുത്തു മാറ്റാന്‍ കഴിയില്ല. മണ്ണിന് പുറമെ കൂറ്റന്‍ പാറക്കല്ലുകളും കെട്ടിട നിര്‍മ്മാണ അവശിഷ്ടങ്ങളും സ്ലാബുകളും ക്വാറി അവശിഷ്ടവും ഇവിടെ തള്ളിയിട്ടുണ്ട്. പുഴ നികത്തിയത് മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കും. മഴക്കാലത്ത് പുഴയില്‍ നിന്ന് വെളളം ഒഴുകി പോകാന്‍ കഴിയാതെ ഉയര്‍ന്ന ഭാഗങ്ങളില്‍ വെളളം ഉയരാനും ഇത് ഇടയാക്കും.
മുമ്പ് കോരപ്പുഴയില്‍ പഴയ പാലം പൊളിച്ച് പുതിയ പാലം നിര്‍മ്മിക്കാന്‍ സമാന രീതിയില്‍ കുറച്ച് ഭാഗത്ത് പുഴ മണ്ണിട്ട് നികത്തിയിരുന്നു.ആ സമയത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങിയിരുന്നു. ബണ്ട് പൊളിച്ചു നീക്കിയാണ് വെള്ളം ഒഴുക്കി വിട്ടത്.
പുഴ നികത്തുന്നതിനെതിരെ സര്‍വ്വ കക്ഷികളും ട്രേഡ് യൂണിയനുകളും സംയുക്തമായി യോഗം ചേര്‍ന്ന് കോരപ്പുഴ സംരക്ഷണ കര്‍മ്മ സമിതി രൂപവല്‍ക്കരിച്ചു. പുഴയില്‍ ഇനി ഒരു തരി മണ്ണും ഇടാന്‍ അനുവദിക്കില്ലയെന്നും നിലവിലെ മണ്ണ് എടുത്താലെ ഇനി കമ്പനിയുമായി ചര്‍ച്ചക്ക് ഉള്ളൂവെന്ന് യോഗം ഏകകണ്‌ഠേന തീരുമാനിച്ചു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ എം.പി.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം.പി.സന്ധ്യ (ചെയര്‍മാന്‍), ചന്ദ്രശേഖരന്‍ (കണ്‍വീനര്‍), ഗണേശന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.