കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ അന്താരാഷ്ട്ര നിലവാരമുള്ള വിശ്രമകേന്ദ്രം ഒരുങ്ങുന്നു. ഓവര്‍സീസ് കേരളൈറ്റ്സ് ഇന്വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള റസ്റ്റ് സ്റ്റോപ്പ് നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിര്‍മിക്കുന്ന ആദ്യ റസ്റ്റ് സ്റ്റോപ്പാണ് തലപ്പാടിയിലേത്. പെട്രോള്‍ സ്റ്റേഷന്‍, റെസ്റ്റോറന്റ് , വിശ്രമമുറി, മൊബൈല്‍ ഇലക്ട്രോണിക്‌സ് ഷോപ്പുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഫാര്‍മസി, സലൂണ്‍, ബുക്ക്-ഗിഫ്റ്റ് ഷോപ്പുകള്‍, എ.ടി.എം, യോഗ ഹാളുകള്‍ തുടങ്ങിയ സംവിധാനങ്ങളോടു കൂടിയ പദ്ധതിയാണ് റസ്റ്റ് സ്റ്റോപ്പിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഒന്നാം ലോക കേരളസഭയില്‍ രൂപവത്കരിച്ച ഓവര്‍സീസ് കേരളൈറ്റ്സ് ഇന്വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയുടെ ആദ്യ സംരംഭമാണ് റെസ്റ്റ് സ്റ്റോപ്പ്. ആഗോള നിലവാരത്തില്‍ ഒരുക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ വിശ്രമ കേന്ദ്രങ്ങളാണിത്. വാഹനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍, ഇലക്ട്രിക്, ഹൈഡ്രജന്‍ സ്റ്റേഷനുകളും ഇവിടെ ഒരുക്കുന്നുണ്ട്.
ചടങ്ങില്‍ ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും തമ്മില്‍ പദ്ധതിയുടെ ധാരണാ പത്രം കൈമാറി. ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ് ലിമിറ്റഡ് ഡയറക്‌ടര്‍ കെ വാസുകി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിങ് വിഭാഗം ഡയറക്‌ടര്‍ വി സതീഷ് കുമാര്‍, മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലാവിന മൊന്തേരോ, ഒമര്‍ ഷഹ്സാദ് എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.