മൂന്ന് സമുദായങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഒബിസി പട്ടിക പുതുക്കി. കല്ലര്‍, ഇശനാട്ട് കല്ലര്‍ ഉള്‍പ്പെടെയുള്ള കല്ലന്‍ സമുദായത്തേയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കാരം. ഇനം നമ്പര്‍ 29 ബി ആയാണ് ഈ സമുദായങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. മന്ത്രിസഭ യോഗത്തിലാണ് ഒബിസി പട്ടിക പുതുക്കിക്കൊണ്ടുളള തീരുമാനം വന്നത്.
കൂടാതെ 2018 ലെ പ്രളയത്തില്‍ കണ്ണൂര്‍ പായം പഞ്ചായത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പായം ഗ്രാമപഞ്ചായത്തില്‍ 0.4047 ഹെക്ടര്‍ ഭൂമി നിരപ്പാക്കി വീട് നിര്‍മാണത്തിന് ഒരുക്കിയ ഇനത്തില്‍ 8,76,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയില്‍ നിന്ന് അനുവദിക്കും. 2015-2019 വര്‍ഷങ്ങളിലെ സ്‌പോര്‍ട്‌സ് ക്വോട്ട നിയമനത്തിനുളള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കാനും തീരുമാനമായി. ഇവരെ വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളില്‍ നിയമിക്കും.