ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളോടു സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ പേരാമ്പ്ര പഞ്ചായത്തിലെ എട്ടാം വാർഡ് പുറ്റം പൊയിലിലെ ഭിന്നശേഷിക്കാരായ ദമ്പതിമാർക്ക് വീട് നിർമ്മിച്ചു നൽകി കോൺഗ്രസ് പ്രവർത്തകർ മാതൃകയായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ ആറാം സ്ഥാനവും, എട്ടാം വാർഡിലെ ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരുമായിരുന്നു ദമ്പതികൾ. പലപ്രാവശ്യം ഗ്രാമപഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയെങ്കിലും വീട് ലഭ്യമാക്കുന്നതിന് ഒരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചില്ല. തുടർന്നാണ് ഒരു വർഷം മുൻപ് ദമ്പതിമാർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് കോൺഗ്രസ് പ്രവർത്തകർ മുൻകൈയെടുത്ത് പ്രവർത്തനമാരംഭിച്ചത്. 2025 ജനുവരി 24ന് താക്കോൽദാനം നിശ്ചയിച്ചിരിക്കുന്നു. വീടിന്റെ മുഴുവൻ പണിയും പൂർത്തിയാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തല താക്കോൽദാനം നടത്തുന്ന ചടങ്ങിൽ വടകരയുടെ എം പി ഷാഫി പറമ്പിൽ, ടി. സിദ്ദിഖ്എം എൽ എ , ഡിസിസി പ്രസിഡണ്ട് അഡ്വ .കെ പ്രവീൺകുമാർ, എൻ. സുബ്രഹ്മണ്യൻ, കെ. ബാലനാരായണൻ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.
പേരാമ്പ്ര പഞ്ചായത്തിൽ മാത്രം 356 പേർ ഇപ്പോഴും ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകി കാത്തുനിൽക്കുകയാണ്. പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്ന സർക്കാറിന്റെ ജനവിരുദ്ധ നടപടിക്കെതിരെ സൃഷ്ടിപരമായ ഒരു സമരമാർഗത്തിന്റെ തുടക്കമാണ് കോൺഗ്രസ് പ്രവർത്തകർ നിർമ്മിച്ചു നൽകുന്ന ‘ആസാദ് മൻസിൽ.