കക്കോടി: നിരാലംബരായവർക്ക് സമയമോ കാലമോ നോക്കാതെ എല്ലാ മേഖലയിലും സഹായമെത്തിക്കാൻ ജീവകാരുണ്യ പ്രവർത്തകർ ശ്രദ്ധ ചെലത്തണമെന്നും സഹായം ലഭിക്കുന്നവരെ ഈ കാരണത്താൽ കുടുംബവും നാട്ടുകാരും കയ്യൊഴിയരുതെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു. അർഹരായവർക്ക് സഹായം നേരിട്ട് എത്തിക്കുകയാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷനും ഭക്ഷ്യസാധനകിറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകുളം നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി പ്രസിഡൻ്റ് കെ.പി മജീദ് അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ലാ പ്രസിഡൻ്റ് പി.കെ അബ്ദുൽ ലത്തീഫ് മുഖ്യാതിഥിയായി. ജീവകാരുണ്യ പ്രവർത്തകരായ കെ.സി ആറ്റക്കോയ തങ്ങൾ, മജു സിവിൽ സ്റ്റേഷൻ എന്നിവരെ ആദരിച്ചു. എ.കെ ജാബിർ കക്കോടി, കല്ലട മുഹമ്മദലി, പി.അനിൽ, പി.പി ഹംസ ലക്ഷദ്വീപ്, പി.വി അബ്ദുൽ ബഷീർ ഫറോക്ക്, എം.പി യൂസഫ്, ടി.പി ഹനീഫ, കെ. നിഷ, റിയാസ് വേങ്ങേരി സംസാരിച്ചു.