ശബരിമല വരുമാനത്തില്‍ വര്‍ധന. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടി രൂപയുടെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. ആറ് ലക്ഷം ഭക്തര്‍ അധികമായി എത്തിയതായും മന്ത്രി പറഞ്ഞു.
440 കോടി രൂപ സന്നിധാനത്തെ മാത്രം വരുമാനമാണ്. നിലയ്ക്കലിലെയും പമ്പയിലെയും വരുമാനം എണ്ണിത്തിട്ടപ്പെടുത്തി വരുന്നേയുള്ളു. പതിനെട്ടാം പടിയില്‍ കഴിഞ്ഞ തവണ ഒരുമിനിറ്റില്‍ 65 പേരെയാണ് കടത്തിവിട്ടതെങ്കില്‍ ഇത്തവണ അത് 90 പേരായി. ഇതാണ് ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണം.
പതിനെട്ടാം പടിയില്‍ പരിചയസമ്പന്നരായ പൊലീസുകാരെ നിര്‍ത്തിയതോടെ ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കാനായെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. അടുത്ത തീര്‍ഥാടനകാലത്ത് ഡോളി സമ്പ്രദായം ഒഴിവാക്കാന്‍ ആലോചിക്കുന്നതായും റോപ് വേയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അഭൂതപൂര്‍വമായ ഭക്തജനതിരക്കിനാണ് 2024-25 തീര്‍ത്ഥാടനകാലം സാക്ഷ്യം വഹിച്ചത്.
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം മികവുറ്റതാക്കാൻ സാധിച്ചത് വിവിധ വകുപ്പുകളുടെ ഒത്തൊരുമയിലൂടെയാണ്. നൂറുകണക്കിന് ജീവനക്കാരുടെ ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള വിശ്രമരഹിതമായ പ്രവർത്തന വിജയമാണ് ശബരിമലയിൽ ദൃശ്യമായത്. ഇത്തവണത്തെ ശബരിമല തീർത്ഥാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യാഗസ്ഥരെ ഇന്ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. ആരെയും പേരെടുത്ത് പറയുന്നില്ല ഇത്തവണ ശബരിമലയിൽ ജോലി നിർവ്വഹിച്ച എല്ലാവർക്കും അവകാശപ്പെട്ടതാണ് ഈ തീർത്ഥാടന കാലത്തിന്റെ വിജയം. ഒരുമയുണ്ടെങ്കിൽ എന്ത് ലക്ഷ്യവും നമുക്ക് കൈവരിക്കാമെന്നത് ഈ വർഷത്തെ ശബരിമല മണ്ഡല തീർത്ഥാടന കാലം അടിവരയിരുന്നു. ഒരിക്കൽ കൂടി ഈ മണ്ഡലകാലം വിജയകരമാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നു.