കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിന് മുൻപിൽ എം.കെ രാഘവൻ എംപി നടത്തിവന്ന ഏകദിന ഉപവാസം അവസാനിച്ചു.
സമാപന സമ്മേളനത്തിൽ പ്രശസ്ത സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ യു.കെ കുമാരൻ എം.കെ രാഘവൻ എം.പിക്ക് നാരങ്ങ നീര് നൽകി. മെഡിക്കൽ കോളേജിൽ മാത്രമല്ല ബീച്ച് ആശുപത്രി ഉൾപ്പെടെ ജില്ലയിലെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലെയും സ്ഥിതി സമാനമാണെന്ന് യു.കെ കുമാരൻ അഭിപ്രായപ്പെട്ടു. സർക്കാർ ആരോഗ്യ മേഖലയെ മുൻപെങ്ങുമില്ലാത്ത വിധം വരിഞ്ഞു മുറുക്കിയിരിക്കുകയാണ്.
മരുന്ന് വിതരണം നിർത്തി പത്ത് ദിവസം പിന്നിട്ടിട്ടും തുടർന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ മൗനം വെടിയാൻ സമരം വേണ്ടി വന്നുവെന്ന് എം.പി ചൂണ്ടിക്കാട്ടി. ഉപവാസ സമര പശ്ചാത്തലത്തിൽ രോഗികളുടെ എണ്ണം കൂടിയതാണ് മരുന്ന് ക്ഷാമത്തിന് കാരണമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ വിചിത്ര വാദം സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് പരാജയമാണെന്ന വസ്തുതയെ മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തിയെന്നും, ആരോഗ്യ വകുപ്പ് എത്രത്തോളം അധ:പധിച്ചുവെന്ന വസ്തുതയുടെ നേർ സാക്ഷ്യമാണ് മന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നതെന്നും എം.പി വ്യക്തമാക്കി.
കഴിഞ്ഞത് വെറുമൊരു സൂചന സമരമാണെന്നും ആരോഗ്യ വകുപ്പ് അനാസ്ഥ തുടരുകയാണെങ്കിൽ സമരപരമ്പരകൾക്ക് നേതൃത്വം നൽകുമെന്നും അധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ വ്യക്തമാക്കി. അഡ്വ. പി.എം നിയാസ്, കെ.സി അബു, യുവി ദിനേശ്മണി, രാജേഷ് കീഴരിയൂർ, വിടി സൂരജ്, മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.