താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റുവെന്നും കൂടുതലും തലയ്ക്കും കഴുത്തിനുമാണെന്നും മുറിവുകള്‍ ആഴത്തിലുള്ളതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജന്മം നല്‍കിയതിനുള്ള ശിക്ഷ താന്‍ നടപ്പാക്കി എന്നായിരുന്നു മകന്‍ ആഷിക് കൊലപാതകത്തിന് ശേഷം നാട്ടുകാരോട് പറഞ്ഞത്. അടിവാരം സ്വദേശിയായ സുബൈദ ആണ് മകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 25 കാരനായ ആഷിഖ് ബെംഗളൂരു ഡി അഡിഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.
മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു. ഇവിടെയെത്തിയാണ് ലഹരിക്ക് അടിമയായ പ്രതി ആഷിഖ് മാതാവായ സുബൈദയെ കൊലപ്പെടുത്തിയത്. അമ്മയെ കാണാന്‍ എത്തിയപ്പോഴാണ് കൊല നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.
ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റപോയ നിലയിലായിരുന്നു. ആക്രമണത്തിന് ശേഷം വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടിലെ ഡൈനിങ് ഹാളില്‍ മാതാവിനെ കഴുത്ത് അറുത്ത് കൊന്നശേഷം രക്തംപുരണ്ട കൈയുമായി ആഷിഖ് നില്‍ക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. തേങ്ങ പൊളിക്കാനാണെന്നു പറഞ്ഞ് മുഹമ്മദ് ആഷിഖ് അടുത്ത വീട്ടില്‍ നിന്നു വാങ്ങിയ കൊടുവാള്‍ ഉപയോഗിച്ചാണു കൊലപാതകം നടത്തിയത്.