ഇന്ത്യയിൽ അപൂർവങ്ങളിൽ അപൂർവ്വമെന്ന് തോന്നുന്ന സാഹചര്യത്തിൽ മാത്രമാണ് വധശിക്ഷ വിധിക്കാറുള്ളത്. അത്തരത്തിൽ കേരളസമൂഹത്തെ നടുക്കിയ ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി തൂക്കുകയർ വിധിച്ചിരിക്കുകയാണ്
കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കുന്ന 40ാമത്തെ കേസാണ് ഷാരോൺ വധക്കേസ്. സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ് പ്രതി ഗ്രീഷ്മ. കേരളത്തിൽ വളരെ അപൂർവ്വമായാണ് വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഗ്രീഷ്മ ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്കാണ് കേരളത്തിൽ വധശിക്ഷ വിധിച്ചിട്ടുള്ളത്. രണ്ടു പേരാണ് വധശിക്ഷ കാത്ത് നിലവിൽ കേരളത്തിലെ ജയിലുകളിൽ കഴിയുന്നത്.
കേരളത്തിലെ രണ്ട് ജയിലുകളിലാണ് വധശിക്ഷ നടപ്പിലാക്കാനുള്ള സൗകര്യമുള്ളത്, പൂജപ്പുരയും കണ്ണൂരും. കേരളത്തിൽ ഇതുവരെ 26 പേരെയാണ് തൂക്കിലേറ്റിയിട്ടുള്ളത്.
കൊല്ലത്തെ വിധുകുമാരൻ തമ്പി വധക്കേസിലെ പ്രതി ബിനിതയ്ക്കാണ് 2006 മാർച്ചിൽ ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത്, തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരൻ തമ്പിയെ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്സായിരുന്ന കാമുകൻ രാജുവും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിലാണിത്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കിടത്തി കൊണ്ടുപോയി ഊട്ടിക്കടുത്ത് കൊക്കയിൽ തള്ളുകയായിരുന്നു. അന്ന് ബിനിതയ്ക്ക് 35 വയസായിരുന്നു.കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച വധശിക്ഷ പിന്നീട് മേൽക്കോടതി ജീവപര്യന്തമായി കുറച്ചു. ബിനിത ഇപ്പോൾ അട്ടക്കുളങ്ങര ജയിലിലാണുള്ളത്.
രണ്ടാമത് വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ ഒന്നാം പ്രതിയായ റഫീക്ക ബീവിക്കാണ് വധശിക്ഷ ലഭിച്ചത്. 2022 ജനുവരി 14ന് വിഴിഞ്ഞം മുല്ലൂരിൽ മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിൻപുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാം പ്രതിയാണ് റഫീഖ ബീവി.
നെയ്യാറ്റിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് റഫീക്കാ ബീവിക്കും ഗ്രീഷ്മയ്ക്കും വധശിക്ഷ വിധിച്ചത്. മാത്രമല്ല, രണ്ട് കേസിലും വിധി പറഞ്ഞത് അഡിഷണൽ ജില്ലാ ജഡ്ജി എഎം ബഷീർ തന്നെയാണ് എന്നത് മറ്റൊരു പ്രത്യേകതയുമുണ്ട്
33 വർഷം മുമ്പാണ് കേരളത്തിൽ അവസാനത്തെ വധശിക്ഷ നടപ്പിലാക്കിയത്. ചുറ്റിക കൊണ്ട് 14 പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ റിപ്പർ ചന്ദ്രനെ 1991 ജൂലൈ ആറിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് പൂജപ്പുര ജയിലിൽ അവസാനം തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്.