പേരാമ്പ്ര: വാളൂർ മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മടയൻ ടി പി നാരായണൻ മുഖ്യ കാർമികത്വം വഹിച്ചു. ഏകദേശം അരക്കോടിയോളം രൂപ ചെലവഴിച്ച് ചെമ്പോലയിൽ പുതുക്കിപ്പണിത മടപ്പുരയുടെ പുനഃപ്രതിഷ്ഠ നടത്തി. മയ്യിൽ മോഹനൻ മടയൻ (പറശ്ശിനി മടപ്പുര) പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വൈകിട്ട് കായണ്ണ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്ന് തിരുമുടി ഘോഷയാത്രയും മുത്തപ്പൻ വെള്ളാട്ടവും നടന്നു. പുളീക്കണ്ടി മടപ്പുര മുത്തപ്പൻ മ്യൂസിക് ആൽബം ‘തുളസികതിരി’ന്റെ ഓഡിയോ റിലീസും നടന്നു. സൗജന്യ മെഡിക്കൽ ക്യാമ്പ്, 51 വാദ്യകലാകാരന്മാർ അണിനിരന്ന പാണ്ടിമേളം, കരോക്കെ ഗാനമേള എന്നിവയും അരങ്ങേറി.
ഇന്ന് (21, ചൊവ്വ) രാവിലെ പത്തിന് ജീവിതശൈലീ രോഗ പ്രതിരോധ സെമിനാർ. രാത്രി ഏഴിന് ക്ഷേത്ര വിദ്യാർഥി- വനിതാ സമിതി സംയുക്തമായി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ- വർണമയൂരം.
22ന് (ബുധൻ) രാത്രി ഏഴിന് പ്രഭാഷണം. അവതരണം വി കെ സുരേഷ് ബാബു. രാത്രി 8.30ന് അഞ്ചാമത് ക്ഷേത്ര കലാനിധി പുരസ്‌കാരം പ്രശസ്ത ചുമർ ചിത്ര കലാകാരൻ രമേശ് കോവുമ്മലിന് സമ്മാനിക്കും. രാത്രി ഒമ്പതിന് മെഗാ മ്യൂസിക്കൽ ഡാൻസ് നൈറ്റ്. 23ന് (വ്യാഴം) രാവിലെ ഒമ്പതിന് ക്ഷേത്രം വക ഇളനീർ കുലമുറി. രാത്രി ഏഴിന് കളരിപ്പയറ്റ്. മഹോത്സവത്തിലെ പ്രധാന ദിനമായ
24ന് (വെള്ളി) ഉച്ചക്ക് 2.30ന് മുത്തപ്പനെ മലയിറക്കൽ. നാലിന് വിവിധ ദേശങ്ങളിൽ നിന്ന് ഇളനീർകുലവരവുകൾ. ആറിന് മുത്തപ്പൻ വെള്ളാട്ടം. 6.30ന് താലപ്പൊലി ദീപാരാധന. എട്ട് മണി മുതൽ ഭഗവതി, ഗുളികൻ, ഗുരു, കുട്ടിച്ചാത്തൻ തിറകൾ. 25ന് (ശനി) കാലത്ത് ആറിന് തിരുവപ്പന. ഉച്ചക്ക് ഒരു മണിവരെ ദർശന സൗകര്യമുണ്ടായിരിക്കും.