ജില്ലയിലെ ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള സാധനങ്ങൾക്ക് വില വർധിപ്പിച്ച നടപടിയിൽ സർക്കാർ പ്രവൃത്തികൾക്കായി
സാധനം എടുക്കുന്ന കരാറുകാർക്ക് ഇളവ് അനുവദിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ജില്ലയിലെ ക്വാറി-ക്രഷർ ഓണേഴ്സ് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
നിരക്ക് വർധന സർക്കാർ പ്രവൃത്തികൾക്ക് ബാധകമാക്കരുത് എന്ന് കലക്ടർ നിർദേശിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്കു ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. ചർച്ചയിൽ എഡിഎം സി മുഹമ്മദ് റഫീഖ്, കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഹബീബ് റഹ്മാൻ, കൺവീനർ എ കെ ഡേവിസൺ, ട്രഷറർ ഇസ്മായിൽ ആനപ്പാറ തുടങ്ങിയവർ പങ്കെടുത്തു.