രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ നരിക്കുനിയിൽ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാക്കൂർ സ്റ്റേഷനിലെ വനിതാ എസ്ഐ ജീഷ്‌മ, എഎസ്ഐ ദിനേശൻ, സിവിൽ പൊലീസ് ഓഫിസർ രജീഷ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഉദ്യോഗസ്ഥരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കുന്ദമംഗലം സ്വദേശി ബാബുരാജ്, വെള്ളിപറമ്പ് സ്വദേശി പ്രശാന്ത് , സനൂപ്, പിസി രാജേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശയാസ്‌പദമായി കണ്ട വാഹനത്തിൽ പരിശോധന നടത്തുമ്പോഴാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. അതേസമയം ആക്രമിക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.