കൊയിലാണ്ടി: നേരെത്തെയുള്ള മുദ്രപത്രങ്ങള്‍ക്ക് പകരമായുളള ഇ-സ്റ്റാമ്പ് ലഭിക്കാന്‍ വരി നിന്ന് മുഷിയേണ്ട അവസ്ഥ. മുമ്പ് കൈവശമുളള 500 രൂപ മുതലുള്ള മുദ്ര പത്രങ്ങള്‍ മാത്രമാണ് പല സ്റ്റാമ്പ് വേണ്ടര്‍മാരുടെയും കൈവശമുളളത്. അത് തീര്‍ന്നാല്‍ എല്ലാ മുദ്രപത്രങ്ങളും ഇ-സ്റ്റാമ്പിലേക്ക് മാറും. ചെറിയ ആവശ്യങ്ങള്‍ക്ക് 50 രൂപ മുതലുളള സ്റ്റാമ്പ് പേപ്പറുകളാണ് സാധാരണയായി ഉപയോഗിക്കുക. ഇതിനെല്ലാം പകരം ഇപ്പോള്‍ ഇ സ്റ്റാമ്പുകളാണ് ഉപയോഗിക്കുന്നത്.
ഇ-സ്റ്റാമ്പ് ലഭിക്കുന്നതിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിലേക്കായി മുദ്രപത്രം എഴുതി കൊടുക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും പേരും മേല്‍വിലാസം, എന്താവശ്യത്തിനാണ് സ്റ്റാമ്പ് പേപ്പര്‍ ഉപയോഗിക്കുന്നത്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ നല്‍കണം. സ്റ്റാമ്പ് പേപ്പര്‍ നല്‍കുന്നതിന് മുന്നോടിയായി നല്‍കിയ ഫോണ്‍ നമ്പറിലേക്ക് ഒ.ടി.പി സന്ദേശം വരും. അതു പറഞ്ഞു കൊടുത്ത് അംഗീകാരം ലഭിച്ചാലെ ഇ-സ്റ്റാമ്പ് ലഭിക്കുകയുളളു. പലപ്പോഴും നെറ്റ് ഇല്ലാതാവുമ്പോള്‍ സ്റ്റാമ്പിന് വേണ്ടിയുളള കാത്തിരിപ്പ് നീളും. പാവങ്ങള്‍ക്കുളള വീടിന് ധനസഹായം ലഭിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട ധാരണാ പത്രത്തിന് സാധാരണ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറാണ് വെക്കേണ്ടത്. എന്നാല്‍ ഈ വിലയുളള മുദ്രപത്രം കിട്ടാതാവുമ്പോള്‍ പലരും 500 രൂപയ്ക്ക് മുദ്രപത്രം വാങ്ങി അതില്‍ എഗ്രിമെന്റ് എഴുതി നല്‍കുകയാണ് ചെയ്യുന്നത്. ഇ-സ്റ്റാമ്പിന്റെ പകര്‍പ്പ് എടുത്ത് സാധാരണ മുദ്രപത്രം ഉപയോഗിക്കുന്നതു പോലെ ചെയ്യാം.
ആവശ്യക്കാര്‍ക്ക് വേഗത്തില്‍ മുദ്രക്കടലാസ് ലഭിക്കാനാണ് ഇ-സ്റ്റാമ്പ് സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിനായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് ജനം. പെട്ടെന്നുള്ള ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ വലിയ തുക കൊടുത്ത് കൂടുതല്‍ വിലയുളള മുദ്രപത്രങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണിപ്പോള്‍.