ചേമഞ്ചേരി:- 2024-25 വർഷത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ ലഭിച്ച 1,30,30,000 രൂപയുടെ പദ്ധതികൾ വാർഡടിസ്ഥാനത്തിൽ വിഭജിച്ചപ്പോൾ ഇരുപതാം വാർഡിനെ മാത്രം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യു ഡി എഫ് പ്രതിനിധികൾ സെമിനാറിൽ പ്രതിഷേധ ബാനറുയർത്തി ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
ബ്ലൂ ഫ്ലാഗ് പദവി ലഭിച്ച കാപ്പാട് ബീച്ചിൽ എത്തിച്ചേരാൻ ഏറ്റവും എളുപ്പവഴിയായി ആളുകൾ ഉപയോഗിക്കുന്ന പൂക്കാട് തുവ്വപ്പാറ റോഡിന് നേരത്തേ ഫണ്ട് വെച്ചത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ഇരുപതാം വാർഡിനെ മാത്രം ഒഴിവാക്കിയത്. 1, 20 വാർഡുകളിലൂടെ കടന്നുപോകുന്ന ബസ്സ് ഗതാഗതമുള്ള പഞ്ചായത്തിലെ ഒരു പ്രധാന റോഡായ പൂക്കാട് തുവ്വപ്പാറ റോഡിന് നേരത്തേ ഫണ്ടനുവദിച്ചതിന്റെ പേരിൽ ഇരുപതാം വാർഡിനെ മാത്രം അവഗണിച്ചത് അംഗീകരിക്കാനാവില്ലെന്ന് യു ഡി എഫ് ചെയർമാൻ മാടഞ്ചേരി സത്യനാഥൻ ചൂണ്ടിക്കാട്ടി. സെമിനാറിന് മുമ്പ് ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലും യു ഡി എഫ് മെമ്പർമാർ തങ്ങളുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും പഞ്ചായത്തിനെ രേഖാമൂലം പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.
ഇന്ന് പ്രതിഷേധ പരിപാടികൾക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഹാരിസ്, മെമ്പർമാരായ മമ്മദ് കോയ, വത്സല പുല്ലത്ത്, ഷെരീഫ് മാസ്റ്റർ, റസീന ഷാഫി, അബ്ദുള്ളക്കോയ വലിയാണ്ടി, രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി. യു ഡി എഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ അഭിസംബോധന ചെയ്ത് മാടഞ്ചേരി സത്യനാഥൻ, അനസ് കാപ്പാട്, എംപി മൊയ്തീൻ കോയ , ഷബീർ എളവന ക്കണ്ടി അനിൽ പാണലിൽ, ആലിക്കോയ കണ്ണങ്കടവ്, എ.ടി.ബിജു, സാദിക്ക് അവീർ, മോഹനൻ നമ്പാട്ട് , എ.ടി അബൂബക്കർ എന്നിവർ സംസാരിച്ചു.