കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവൻ എംപി ഞായർ രാവിലെ 8 മുതൽ തിങ്കൾ രാവിലെ 8 വരെ 24 മണിക്കൂർ ഉപവാസമനുഷ്ഠിക്കും. മലബാറിലെ ആറ് ജില്ലകളില്‍ നിന്നും ഒന്നര കോടിയോളം വരുന്ന സാധാരണക്കാര്‍ക്ക് അത്താണിയാവുന്ന കോഴിക്കോട് മെഡിക്കല്‍ കോളേ ജ് ആശുപത്രിയിൽ മരുന്നിന്റെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും ക്ഷാമം രൂക്ഷമാവുകയും ഡയാലിസിസും ഓപ്പറേഷനും കീമോ തെറാപ്പിയും നിര്‍ത്തിവെക്കുന്ന അവസ്ഥവരെ എത്തുകയും ചെയ്തതോടെയാണ് വിഷയത്തില്‍ ഇടപെട്ട് എം.കെ രാഘവന്‍ എംപി മെഡിക്കല്‍ കോളേജിന് മുന്നിൽ ഉപവാസമനുഷ്ഠിക്കുന്നത്. ഉപവാസ സമരം ഞായറാഴ്ച രാവിലെ ഡോ.എം.കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ അധ്യക്ഷത വഹിക്കും.
ആശുപത്രിയിലേക്ക് ആവശ്യമായ ഭൂരിഭാഗം മരുന്നുകളും ശസ്ത്രക്രിയയ്ക്കും ഡയാലിസിസിനുള്ള ഉപകരണങ്ങളുൾപ്പെടെ രോഗികള്‍ പുറത്തുനിന്നും വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദ്യമായല്ല അവശ്യ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നത്. സമാന സാഹചര്യം കഴിഞ്ഞ വർഷവുമുണ്ടായിരുന്നു. ഇതേ തുടർന്ന് എംപി എന്ന നിലയിൽ ഉപവാസമനുഷ്ഠിച്ച ശേഷം 2024 മാർച്ചിൽ കുടിശ്ശിക നികത്താമെന്ന ആരോഗ്യവകുപ്പ് അധികൃതർ നൽകിയ ഉറപ്പിന്മേലാണ് വിതരണക്കാർ മരുന്ന് വിതരണം തുടർന്നത്. എന്നാൽ ഈ ധാരണ മെഡിക്കൽ കോളേജും ആരോഗ്യവകുപ്പും ലംഘിച്ചുവെന്ന് മാത്രമല്ല, 9 മാസമായി കുടിശ്ശിക നികത്താൻ യാതൊരു നടപടിയും സ്വീകരിച്ചില്ല.
മരുന്ന് വിതരണക്കാർക്ക് 99 കോടിയോളം രൂപ കുടിശ്ശിക ഇനത്തിൽ മെഡിക്കല്‍ കോളേജ് നൽകാനുണ്ട്. കുടിശ്ശിക നികത്താത്തതിൽ പ്രതിഷേധിച്ച് മരുന്ന് വിതരണം നിർത്തി 8 ദിവസം പിന്നിട്ടിട്ടും പരിഹാര നടപടികളെടുക്കാതെ കൈമലര്‍ത്തുകയാണ് ആരോഗ്യവകുപ്പ്.
മരുന്ന് വിതരണം നിർത്തുമെന്ന വിതരണക്കാരുടെ മുന്നറിയിപ്പ് നൽകിയ ശേഷം വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ജനപ്രതിനിധി എന്ന നിലയിൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും സർക്കാർ അലംഭാവം തുടർന്നെന്നും, ഇത് രോഗികളോടൂള്ള ആരോഗ്യ വകുപ്പിന്റെ വെല്ലുവിളിയാണെന്നും എം.പി കുറ്റപ്പെടുത്തി.