കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. എം.ൽ.എയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഉമ തോമസിനെ മുറിയിലെത്തി കണ്ട മുഖ്യമന്ത്രി സുഖവിവരങ്ങൾ തിരക്കി. തൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചതടക്കമുള്ള കാര്യങ്ങള്‍ക്ക് ഉമ തോമസ് മുഖ്യമന്ത്രിയോടു നന്ദി പറഞ്ഞു. എം.എൽ.എയ്ക്ക് അപകടം സംഭവിച്ചപ്പോൾ നാടാകെ ഒന്നിച്ചു നിന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സുഖം പ്രാപിക്കുന്ന ഉമ തോമസ് വൈകാതെ ആശുപത്രി വിടുമെന്നാണു ഡോക്ടർമാർ നൽകുന്ന സൂചന. മന്ത്രി കെ.എന്‍. ബാലഗോപാല്‍, സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഉമാ തോമസിനെ കാണാനായി എത്തിയത്. സി.പി.എം. കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് തിരിക്കുംമുമ്പായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
നിയമസഭയില്‍ പോകണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടതായി ഡോക്ടര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. “ഇപ്പോള്‍ ഇവര്‍ പറയുന്നത് അനുസരിക്കൂ… ബാക്കി ഇത് കഴിഞ്ഞിട്ട് നോക്കാം” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.