കേരള കലാമണ്ഡലത്തിലെ ആദ്യ പുരുഷ നൃത്ത അധ്യാപകനായി ആർഎൽവി രാമകൃഷ്‌ണൻ ജോലിയിൽ പ്രവേശിച്ചു. ഭരതനാട്യത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറായാണ് നിയമനം. യുജിസി നിർദേശപ്രകാരം രണ്ട് മാസം മുൻപാണ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. യോഗ്യതാ പരീക്ഷയും അഭിമുഖവും നടത്തി തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒന്നാമനായാണ് രാമകൃഷ്‌ണൻ്റെ നിയമനം.
ചലച്ചിത്ര താരം കലാഭവൻ മണിയുടെ സഹോദരനായ ആർഎൽവി രാമകൃഷ്‌ണൻ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും റാങ്ക് ജേതാവാണ്. കലാമണ്ഡലത്തിലെ നിയമനം സൗഭാഗ്യമായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. കലാമണ്ഡലത്തിലെ അധ്യാപകനായതിൽ വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട്. എല്ലാ പ്രതിസന്ധികളെയും മുന്നോട്ടുള്ള ചവിട്ടുപടിയായി കാണാനാണ് മണിച്ചേട്ടൻ പഠിപ്പിച്ചതെന്നും അദ്ദേഹത്തിൻ്റെ പാത പിന്തുടരുന്നുവെന്നും ആർഎൽവി രാമകൃഷ്‌ണൻ പറഞ്ഞു.
കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിംഗ് ആർട്‌സിൽ എംഫിൽ ടോപ് സ്‌കോററായിരുന്നു. കലാമണ്ഡലത്തിൽ തന്നെ പിഎച്ച്ഡിയും പൂർത്തിയാക്കി. നെറ്റ് യോഗ്യതയും നേടിയിട്ടുണ്ട്. ദൂരദർശൻ കേന്ദ്രം എ ഗ്രേഡ് ആർട്ടിസ്‌റ്റായും അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. നൃത്ത വിഭാഗത്തിൽ സ്ഥിര നിയമനം നേടുന്ന ആദ്യ പുരുഷ അധ്യാപകനാണ് ആർഎൽവി രാമകൃഷ്‌ണൻ.