എ.ഐ.സി.സി.ക്കു സ്വന്തമായി ന്യൂഡൽഹിയിൽ ഒരു ആസ്ഥാന മന്ദിരം, ‘ഇന്ദിരാഭവൻ’ ഔപചാരികമായി ഉദ്ഘാടനം ചെയ്തതോടെ സ്വപ്ന സാക്ഷാത്കാ രം. ദീർഘ വർഷക്കാലം അദ്ധ്യക്ഷ പദവിയിൽ ഇരുന്ന സോണിയാ ഗാന്ധി ഇന്ദിരാഭവൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് വീണ്ടും ചരിത്രം രചിച്ചു.
മല്ലികാർജുന ഖാർഗേ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് തൊട്ടു മുമ്പാണ് ഗാന്ധിജി എ.ഐ.സി.സി. അദ്ധ്യക്ഷനായതിൻ്റെ നൂറാം വാർഷികത്തിന് രാജ്യം സാക്ഷിയായത്. ദളിതൻ്റെ മോചനം സമ്മോഹന സ്വപ്നമായി കണ്ട ഗാന്ധിജിയുടെ ഓർമ്മകളൊടുള്ള ആദരവായി ഖാർഗേയുടെ അദ്ധ്യക്ഷ പദവി.
ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ രാഹുൽ ഗാന്ധി ഇന്ത്യൻ ഫാസിസവുമായി മുഖാമുഖം യുദ്ധം ചെയ്തു ചരിത്രത്തിൽ ഇടം പിടിച്ചു.
കോൺഗ്രസ്സ് ചരിത്രത്തിൽ ആദ്യമായി സംഘടന ചുമതലയുള്ള മലയാളി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സ്വാഗത പ്രസംഗം നടത്തി ചരിത്ര മുഹൂർത്തത്തിൻ്റെ ഭാഗമായി.
നെഹ്റുവിൻ്റെ സ്വപ്നമായ കോൺഗ്രസ്സിൻ്റെ സ്വന്തമായ ആസ്ഥാന മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നടത്താനുള്ള ചരിത്ര നിയോഗം 2009 ഡിസംബർ 28 ന് സോണിയ ഗാന്ധിയിൽ വന്നുചേർന്നു. ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടത്തിൻ്റെ സമയം കൂടിയാണിത്. വിധിയുമായി സമാഗമം നടത്തിയ എത്രയെത്ര ചരിത്ര സംഭവങ്ങൾ. സാമ്രാജ്യത്തിനെതിരെയുള്ള ധീര നൂതന സമര പരമ്പരകൾ. മഹാത്മാവിൻ്റെ സാർത്ഥകമായ നേതൃത്വം. നെഹ്റു, പട്ടേൽ, ആസാദ് തുടങ്ങിയ മഹാരഥന്മാരായ പരശ്ശതം പൂർവ്വസൂരികൾ.
ഇന്ത്യയെ കണ്ടെത്തിയ, ഇന്ത്യയെ വീണ്ടെടുത്ത മഹാപ്രസ്ഥാനം. ബഹുസ്വര രാഷ്ട്രമായി ഇന്ത്യയെ മാറ്റിയ ജനാധിപത്യ മതേതര രാഷ്ട്രീയ സംഘടന.
ആധുനിക ഇന്ത്യയെ സൃഷ്ടിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. നാം നിർമ്മിച്ചതെല്ലാം തകർത്തെറിഞ്ഞ്, റിപ്പബ്ലിക്കിൻ്റെ അസ്ഥിത്വം ചോദ്യം ചെയ്തു കടന്നു പോയ അഭിശപ്തമായ പത്തു വർഷം; ചരിത്രത്തിൻ്റെ അപഭ്രംശം. രാജ്യത്തെ തിരിച്ചു പിടിക്കാൻ, ഭരണഘടനയും റിപ്പബ്ലിക്കും സുരക്ഷിതമാക്കാൻ സമർപ്പിത ചിത്തരായി നാം മുന്നേറുക. കോൺഗ്രസ്സിന് പകരം കോൺഗ്രസ്സ് മാത്രം.