ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വയോജന ഭിന്നശേഷിക്കാരുടെ 2025- 26 വർഷത്തെ ജനകീയസൂത്രണ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത ഭിന്നശേഷിക്കാരുടെ ഗ്രാമസഭ സംഘാടകനും ഉദ്ഘാടകനുമായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി പങ്കെടുക്കാത്തതിൽ പ്രതിഷേധം ശക്തമായി. ഏറെ പ്രതീക്ഷകളോടെ വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭയിൽ എത്തിച്ചേർന്ന ഭിന്നശേഷിക്കാരും ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളും അടക്കം ഉദ്ഘാടന സമയം കഴിഞ്ഞു രണ്ടു മണിക്കൂർ കാത്തിരുന്നിട്ടും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി പങ്കെടുക്കാത്തത് കാരണം ഗ്രാമസഭയിൽ എത്തിച്ചേർന്ന ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും ഗ്രാമസഭ നടക്കാതെ തിരിച്ചു പോകേണ്ടി വന്നു.
ഭിന്നശേഷിക്കാരുടെ ഗ്രാമസഭ വിളിച്ചു ചേർത്ത് പരിപാടിയിൽ പങ്കെടുക്കാതെ നിരുത്തരവാദപരമായ സമീപനം കാണിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് ചങ്ങരോത്ത് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം പങ്കെടുപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി ഇബ്രാഹീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ആനേരി നസീർ അധ്യക്ഷത വഹിച്ചു. മൂസ കോത്തമ്പ്ര, പുതുക്കോട്ട് രവി, അസീസ് നരിക്കലക്കണ്ടി, എൻ പി വിജയൻ, പാളയാട്ട് ബഷീർ, ശിഹാബ് കന്നാട്ടി, പ്രകാശൻ കന്നാട്ടി, എ പി അബ്ദുൽ റഹ്‌മാൻ, ഇ. ടി സരീഷ്, കെ. എം ഇസ്മായിൽ, പുതുശേരി ഇബ്രാഹിം, വഹീദ പാറേമ്മൽ, സി. കെ രാഘവൻ, കെ. എം അഭിജിത് എന്നിവർ സംസാരിച്ചു.