സംസ്ഥാന പാതയിൽ വീണ്ടും അപകടഭീഷണിയായി കൂറ്റൻ തണൽമരങ്ങൾ. സംസ്ഥാന പാതയിലെ പെരിങ്ങത്തൂർ പാലത്തിനടുത്തുള്ള കൂറ്റൻ തണൽമരങ്ങളാണ് റോഡിനും സമീപത്തെ വീടുകൾക്കും ഭീഷണിയായത്. കാലവർഷക്കാലത്ത് ചരിഞ്ഞു വീഴാനായി നിന്ന മരങ്ങളിൽ ചിലത് കഴിഞ്ഞ ദിവസം വീണ്ടും പെയ്ത മഴ യിൽ കൂടൂതൽ അപകടഭീഷണിയിലായി. പാലത്തോട് ചേർന്ന രണ്ട് വലിയ മരങ്ങൾ സമീപത്തെ പുഴക്കര ഷൈജുവിന്റെ വീടിന്റെ മേൽക്കൂരയിലേക്ക് ചരിഞ്ഞ നിലയിലാണ്. വേരുകൾ സംസ്ഥാന പാത പിളർത്തി വാഹനങ്ങൾ അപകടത്തിൽ പെടുന്ന വിധം ടാറും മെറ്റലും തെറിപ്പിച്ചു ഗർത്തങ്ങൾ രൂപപ്പെടുത്തി. റോഡിന്റെ സംരക്ഷണമതിലിന്റെ കരിങ്കൽ ചീളുകൾ താഴെയുള്ള ചെറിയ റോഡിലും വീട്ടുമുറ്റത്തും തെറിച്ച നിലയിലാണ്. റോഡിന് ഇരുവശവും ഉള്ള മരങ്ങളിൽ എട്ട് എണ്ണമാണ് അപകട നിലയിൽ ഉള്ളത്. നേരത്തേ പുഴയിലേക്ക് കടപുഴകി വീണ മരങ്ങൾ ഇതുവരെ മുറിച്ചു മാറ്റിയിട്ടില്ല.
സമീപവാസികളും നാട്ടുകാരും മരം മുറിച്ചു മാറ്റാനായി അപേക്ഷ നൽകിയിട്ട് വർഷങ്ങൾ ഏറെയായി. മലബാറിലെ തന്നെ ഏറ്റവും സുപ്രധാനമായ റോഡിലെ യാത്രക്കാർക്കും സമീപത്തെ വീട്ടുകാർക്കും ജീവന് ഭീഷണിയായിട്ടും അധികൃതർ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
പൊതുമരാമത്ത് വകുപ്പ് , വനംവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ ഏകോപനമില്ലായ്മയാണ് മരം മുറിക്കാൻ തടസ്സമായി പറയുന്നത്.
വലിയ അപകടമുണ്ടാക്കാനിടയുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് കായപ്പനച്ചിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.