മെഷീൻ തകരാർ നിമിത്തം കഴിഞ്ഞ ഒന്നര മാസത്തോളമായി ഉത്പാദനം നിർത്തിവച്ച 6 മെഗാവാട്ടിന്റെ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി മെഷീൻ അറ്റകുറ്റപ്പണിയും നവീകരണ പ്രവർത്തിയും ഒരു മാസത്തിനകം പൂർത്തീകരിച്ച് ഉൽപാദനത്തിന് സജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു. ജലവൈദ്യുതി പദ്ധതി പവർഹൗസിൽ പ്രവർത്തനം പുനരാരംഭിക്കാനായി ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥ സംഘം പദ്ധതി മേഖല സന്ദർശിച്ച് മെഷീൻ തകരാർ കണ്ടെത്തി പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. കോൺട്രാക്ടർമാരെ ഉൾപ്പെടുത്തി പ്രശ്നപരിഹാരത്തിന് ചർച്ച നടത്തി. മെഷീൻ തകരാർ ഉടൻ പരിഹരിക്കാൻ നിർദേശം നൽകി. പ്രോജക്ട് ചീഫ് എൻജിനീയർ വി.എൻ.പ്രസാദ് ചെയർമാനും എക്സിക്യൂട്ടീവ് എൻജിനീയർ എൻ.ഇ.സലീം കൺവീനറുമായി 11 അംഗ ടെക്നിക്കൽ കമ്മിറ്റിയാണ് പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്.
ടർബൈൻ ബെയറിങ്, സ്ലീവ്, ലോക്ക് മാറ്റി സ്ഥാപിക്കൽ, മെഷീനുകളുടെ നവീകരണം, ടർബൈൻ ഓയിൽ പൈപ്‌ലൈൻ അറ്റകുറ്റപ്പണി എന്നിവ സമയബന്ധിതമായി പൂർത്തിയാക്കും. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമിൽ നിന്ന് ഒഴുക്കി വിടുന്ന അധിക ജലം ഉപയോഗിച്ചാണ് ജലവൈദ്യുത പദ്ധതി പ്രവർത്തനം. കുറ്റ്യാടി ജലസേചന പദ്ധതി കനാൽ അടുത്ത മാസം തുറക്കുന്നതിന് ഡാമിൽ ജലം ശേഖരിക്കാൻ തുടങ്ങിയതിനാൽ വൈദ്യുതി പദ്ധതിക്ക് ജലവിതരണം ജലസേചന വകുപ്പ് ഇപ്പോൾ നിർത്തിവച്ചിട്ടുണ്ട്.
