ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റായി കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ കെ.കെ.വൈശാഖിനെ തിരഞ്ഞെടുത്തു. നിലവില്‍ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം സെക്രട്ടറിയാണ്. കൊയിലാണ്ടി നഗരസഭയിലെ കടലോര മേഖലയിലുളള ചെറിയ മങ്ങാട് സ്വദേശിയാണ് വൈശാഖ് . കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് എസ്.എസ്.എല്‍.സി വരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബികോം പൂര്‍ത്തിയാക്കിയതിന് ശേഷം ബാംഗ്ലൂരില്‍ നിന്നും മാര്‍ക്കറ്റിങ് ആന്റ് ഫൈനാന്‍സില്‍ എം.ബി.എയും കരസ്ഥമാക്കി. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ നാട്ടില്‍ എത്തി സ്വന്തമായി ബിസിനസ്സ് ആരംഭിച്ച് പ്രവാസ ജീവിതം അവസാനിപ്പിച്ചു.
മോദിസര്‍ക്കാറിന്റെ അഴിമതിരഹിത സദ്ഭരണവും വികസന പ്രവര്‍ത്തനങ്ങളുമാണ് വൈശാഖിനെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ചത്. 2019 ലെ നഗരസഭ തിരഞ്ഞെടുപ്പില്‍ ചെറിയമങ്ങാട് വാര്‍ഡില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. വൈശാഖിന്റെ വിജയാഹ്ലാദ പ്രകടനത്തിന് നേരെ ഉണ്ടായ ആക്രമത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കൊയിലാണ്ടി ഹാര്‍ബര്‍ ഏകോപന സമിതി വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറിയായ വൈശാഖ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാണ്.