ചേളന്നൂര്‍ പൊഴിക്കാവുകുന്നില്‍ ജനങ്ങളുടെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ പറഞ്ഞു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്ന പൊഴിക്കാവുകുന്ന് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലത്ത് ജിയോളജിസ്റ്റുകള്‍ നേരത്തെ നിര്‍ദേശിച്ച പ്രകാരമുള്ള കാര്യങ്ങള്‍ നടപ്പാക്കും. നിലവില്‍ രണ്ട് മണ്‍തിട്ടയുള്ളത് നാലായി തിരിക്കും. താഴെഭാഗത്തെ ഭിത്തി കരിങ്കല്ല് ഉപയോഗിച്ച് ശക്തിപ്പെടുത്തും. അകത്തുതന്നെ വെള്ളം കെട്ടിനില്‍ക്കുന്ന തരത്തില്‍ ഡ്രെയിനേജ് സംവിധാനം ഏര്‍പ്പെടുത്തി ബാക്കി വെള്ളം റോഡിലെ ഡ്രെയിനേജിലേക്ക് ഒഴുക്കിവിടുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതര്‍, ജനകീയ സമിതി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുമായി സബ് കളക്ടര്‍ ബുധനാഴ്ച ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് വെള്ളിയാഴ്ചത്തെ സന്ദര്‍ശനം. ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീര്‍, വാര്‍ഡ് അംഗം പി സുരേഷ് കുമാര്‍, മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതിനിധി എം വിനോദ് കുമാര്‍, ഡിസ്ട്രിക്ട് ജിയോളജി ഓഫീസര്‍ സി എസ് മഞ്ജു, ജിയോളജിസ്റ്റ് എസ് അഖില്‍, ദേശീയപാത പ്രൊജക്റ്റ് ഡയറക്ടര്‍ ആശുതോഷ് സിന്‍ഹ തുടങ്ങിയവര്‍ അനുഗമിച്ചു.