ദേശീയപാത വികസന പ്രവൃത്തി നടക്കുന്നതിനൊപ്പം തദ്ദേശ വാസികള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍കൂടി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ സി.പി.എം പ്രവര്‍ത്തകര്‍ മലാപ്പറമ്പിലുള്ള ദേശീയപാതാ പ്രോജക്ട് ഡയരക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ചേമഞ്ചേരിയില്‍ ആവശ്യമായിടത്ത് ഫുട്ട് ഓവര്‍ ബ്രിഡ്ജ് അടക്കമുള സംവിധാനങ്ങള്‍ ഒരുക്കുക, സര്‍വീസ് റോഡിന് ആവശ്യമായ വീതി ഉറപ്പാക്കുക, കാപ്പാട്-തുഷാരഗിരി റോഡില്‍ കാപ്പാട് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സര്‍വീസ് റോഡിലേക്ക് പ്രവേശന സൗകര്യമുണ്ടാക്കുക, സര്‍വ്വീസ് റോഡ്, ഡ്രെയ്നേജ് എന്നിവ ഇല്ലാത്ത ഭാഗത്ത് അവ നിര്‍മിക്കുക, ജനവാസ കേന്ദ്രങ്ങളിലേക്ക് മലിന ജലം തുറന്ന് വിടുന്നത് അവസാനിപ്പിക്കുക, ഓട്ടോ-ടാക്‌സി പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്തുക തുടങ്ങി പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് മെമ്പര്‍ കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്‍, ഏരിയാ കമ്മറ്റി മെമ്പര്‍മാരായ കെ.രവീന്ദ്രന്‍, പി.ബാബുരാജ്, പി.സി.സതീഷ്ചന്ദ്രന്‍, എം.നൗഫല്‍, ലോക്കല്‍ സെക്രട്ടറിമാരായ എന്‍.പി.അനീഷ്, കെ.ശ്രീനിവാസന്‍, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, പി.കെ പ്രസാദ് എന്നിവര്‍ സംസാരിച്ചു.