106 ദിവസക്കാലം തെരുവിലിരുന്ന് നീതിക്കായി പൊരുതിയ ഹർഷിനയോട് ക്രൂരത കാണിച്ച സർക്കാറിനെ വെള്ള പൂശാൻ തരംതാഴ്ന്ന പ്രസ്താവന ഇറക്കിയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെ നിലപാട് അപലപനീയമാണെന്ന് ഹർഷിനാ സമരസഹായ സമിതി കുറ്റപ്പെടുത്തി. വനിതാ കമ്മീഷൻ ചെയർപേഴ്സൺ പറയുന്നത് സർക്കാർ നിയമസഹായം നൽകാൻ തയ്യാറാണെന്നാണ് ഇത് ശരിയല്ല.
കുന്ദമംഗലം കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ പ്രതികളെ വിചാരണ ചെയ്യാനിരിക്കെ ഇവർക്ക് ഹൈക്കോടതിയിൽ സ്റ്റേ ലഭിക്കാൻ പ്രോസിക്യൂഷൻ മൗനം പാലിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജും വനിതാ കമ്മീഷൻ ചെയർപേഴ്സനും ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത് സർക്കാർ ഒപ്പമുണ്ട് എന്നാണെങ്കിൽ ഹർഷിനക്കൊപ്പം ഇല്ല എന്ന് സർക്കാർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
പ്രസവ ശസ്ത്രക്രിയയ്ക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും തന്നെയാണ് വീഴ്ച സംഭവിച്ചത് എന്ന് പോലീസ് കണ്ടെത്തിയിട്ടും അർഹമായ നഷ്ടപരിഹാരം നൽകാത്തതു കൊണ്ടാണ് ഹർഷിനക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. വനിതകൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ട വനിതാ കമ്മീഷൻ രാഷ്ട്രീയ ചട്ടുകമായി മാറുകയാണ്. ഹർഷിനയെ വീണ്ടും പരസ്യമായി അപമാനിച്ച വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആ പദവിക്ക് അപമാനമാണ്. വനിതകൾക്ക് വേണ്ടി നിലകൊള്ളാൻ കഴിയാത്ത വനിതാ കമ്മീഷൻ ചെയർപേഴ്സൺ രാജിവെക്കണമെന്നും സമരസഹായ സമിതി ചെയർമാൻ ദിനേശ് പെരുമണ്ണയും കൺവീനർ മുസ്തഫ പാലാഴിയും ആവശ്യപ്പെട്ടു.