വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ധനസഹായം കാണാതായവരുടെ ആശ്രിതര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി പ്രത്യേക പട്ടിക തയ്യാറാക്കും. പ്രാദേശികതല സമിതി തയ്യാറാക്കുന്ന പട്ടികയ്ക്ക് സംസ്ഥാന തല സമിതി അന്തിമ രൂപം നല്‍കും. നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കി.
മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കൊപ്പം കാണാതായവരുടെ ആശ്രിതരെയും ചേര്‍ത്ത് നിര്‍ത്തുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷവും ചേര്‍ത്ത് 6 ലക്ഷം രൂപയുടെ ധനസഹായമാണ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. ഈ സഹായം കാണാതായവരുടെ കുടുംബങ്ങൾക്കും നൽകും.
50 ഓളം പേരെയാണ് ദുരന്തത്തില്‍ കാണാതായതെന്നാണ് വിവരം. കാണാതായവരുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്ന നടപടിയിലേക്ക് കൂടി സംസ്ഥാന സര്‍ക്കാര്‍ കടന്നു. പ്രാദേശിക തല സമിതി കാണാതായവരുടെ പട്ടിക തയ്യാറാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കും. അവര്‍ അത് പരിശോധിച്ച് ശുപാര്‍ശകള്‍ സഹിതം സംസ്ഥാന തല സമിതിക്ക് കൈമാറും. സംസ്ഥാന തല സമിതിയാണ് സൂക്ഷമ പരിശോധന നടത്തി പട്ടിക അന്തിമമാക്കുക. അന്തിമ പട്ടിക പ്രകാരമാകും ധനസഹായങ്ങൾ നല്‍കുക.