സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന 2025 ലെ ഹരിവരാസനം പുരസ്‌കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു. സന്നിധാനത്ത് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ മന്ത്രി വിഎൻ വാസവനാണ് പുരസ്‌കാരം നൽകിയത്.
സംഗീതലോകത്ത് പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സൃഷ്‌ടികൾ കാലത്തിന് അതീതമാണെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രീയ സംഗീതത്തിൽ ആഗ്രഗണ്യനാണ് അദ്ദേഹം. സാംസ്‌കാരിക കേരളത്തിന് നൽകിയിട്ടുള്ള സംഭാവനകൾ, അയ്യപ്പനെ സാക്ഷി നിർത്തി എഴുതിയ അയ്യപ്പ ഗാനങ്ങൾ അയ്യപ്പകാരുണ്യം, ശരണാമയം അയ്യപ്പപ്പൂജ തുടങ്ങിയ സംഗീത ആൽബങ്ങൾ എന്നിവ പരിഗണിച്ച് സംസ്ഥാന സർക്കാരിന് വേണ്ടി അദ്ദേഹത്തെ അനുമോദിക്കുന്നതായും മന്ത്രി അറിയിച്ചു.