പേരാമ്പ്ര: കല്ലോട് ഭാവന തിയേറ്റേഴ്‌സ് മുപ്പത്തിയെട്ടാം വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സ് പ്രശസ്‌ത സാഹിത്യകാരി കെ.പി.സുധീര ഉദ്ഘാടനം ചെയ്തു. കലയ്ക്കും സാഹിത്യത്തിനും മുൻഗണ നൽകി പ്രവർത്തിക്കുന്ന ഭാവന തിയേറ്റേഴ്‌സ് പുതിയതായി ആരംഭിക്കുന്ന ഗ്രന്ഥശാലക്ക് നൂറ് പുസ്തകങ്ങൾ സംഭാവന ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. ഇത്തരം സാംസ്കാരിക സമിതികൾ പുതിയ കാലത്ത് സമൂഹത്തിൽ അനിവാര്യമാണെന്നും പുതിയ തലമുറക്ക് വഴികാട്ടിയായി നന്മയുടെ പാത തുറന്നുകൊടുക്കുവാൻ ഭാവനയ്ക്ക് സാധിക്കട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തിൽ സുധീര കൂട്ടിച്ചേർത്തു.
ഭാവന തിയേറ്റേഴ്‌സ് സെക്രട്ടറി ബബിലേഷ് കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ജോബി സുജിൽ അധ്യക്ഷനായ വേദിയിൽ മുഖ്യാഥിതി ആയി ചലച്ചിത്ര നാടക നടൻ എരവട്ടൂർ മുഹമ്മദ് പങ്കെടുത്തു. ചടങ്ങിൽ മുൻവാർഡ് മെമ്പർമാരായ പി.കെ.രാഘവൻ മാസ്റ്റർ, ബിജു കൃഷ്ണൻ, സി.കെ.സുനിത എന്നിവരും പെൻ അവാർഡ് ജേതാവ് അഷ്‌റഫ് കല്ലോട്, ഭാവനയുടെ മെമ്പർ പി.കെ.ലിനീഷ് തുടങ്ങിയവരും സംസാരിച്ചു. ചടങ്ങിൽ പ്രദേശത്തെ അംഗൻവാടി പ്രവർത്തകരായ സജിന.എൻ, ശ്രീജ.ടി, സരള.എ.പി, ഗീത.കെ.കെ, പ്രേമ.എ, ബീന.വി, സംസ്ഥാന കബഡി അസോസിയേഷൻ മത്സരത്തിലേക്ക് തെരെഞ്ഞെടുത്ത ആൽവിൻ സുരേഷ്, സദയ് കല്ല്യാൺ, നാഷണൽ ബോക്സിങ്ങ് ചാപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ എസ്.ഉണ്ണിമായ എന്നിവരെയും ആദരിച്ചു. തുടർന്ന് നാടകം, ഗാനമേള, പ്രാദേശിക കലാവിരുന്ന് എന്നിവ നടന്നു.
ഭാവന തിയേറ്റേഴ്‌സ് പേരാമ്പ്ര ഹിയറിങ്ങ് പ്ലസ്സുമായി ചേർന്ന് ഈ വരുന്ന ജനുവരി 26ന് നടത്തുന്ന സൗജന്യ കേൾവി-സംസാര വൈകല്യ നിർണ്ണയ ക്യാമ്പ് പരിശോധന ബുക്കിങ്ങ് ഇതോടൊപ്പം ആരംഭിച്ചു. താഴെ ചേർത്ത നമ്പറിൽ ബുക്കിങ്ങ് സ്വീകരിക്കുന്നതാണ്. 8086088844, 8086044222.