കെ.എസ്.എസ്.പി.എ കോഴിക്കോട് ജില്ലാ സമ്മേളനം 2025 ജനുവരി 13, 14 തീയതികളിൽ നളന്ദാ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് കെ.സി. ഗോപാലൻ മാസ്റ്റർ പതാകയുയർത്തി. ജില്ലാ കൗൺസിൽ യോഗം കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റും, ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പി.എം.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ഒ.എം രാജൻ റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ ട്രഷറർ ടി. ഹരിദാസൻ വരവു ചെലവു കണക്കവതരിപ്പിച്ചു. കെ.പി.സി.സി.മെമ്പർ കെ.രാമചന്ദ്രൻ മാസ്റ്റർ, പി.പി.പ്രഭാകർക്കുറുപ്പ്, എൻ. ഹരിദാസൻ മാസ്റ്റർ, കെ.എം. കൃഷ്ണൻ കുട്ടി, സി.വിഷ്ണുനമ്പൂതിരി, കെ.രവീന്ദ്രനാഥൻ, ടി.കെ.രാജേന്ദ്രൻ, കെ.എം. ചന്ദ്രൻ, വി.സദാനന്ദൻ, എം.വാസന്തി, പി.എം. കുഞ്ഞി മുത്തു, എ.ശ്രീമതി, ബേബി പുരുഷോത്തമൻ, സി. രഞ്‌ജിനി, എന്നിവർ സംസാരിച്ചു. കെ.സുബ്രഹ്മണ്യൻ സ്വാഗതവും ബി.കെ. സത്യനാഥൻ നന്ദിയും പറഞ്ഞു.
2023 മാർച്ചിനു ശേഷം സർവീസിൽ നിന്നും റിട്ടയർ ചെയ്തവർക്ക് ശമ്പള / പെൻഷൻ പരിഷ്കരണ കുടിശ്ശികയിൽ ഒരു ഗഡു പോലും നൽകാതിരിക്കുന്നത് വഞ്ചനാപരമാണെന്ന് ജില്ലാ കൗൺസിൽ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. പെൻഷൻ പരിഷ്കരണത്തിന്റെ ഒരു ഗഡുവും , ക്ഷാമാശ്വാസ കുടിശ്ശികയുടെ രണ്ടു ഗഡുക്കളും നിലവിലെ 19% ക്ഷാമാശ്വാസവും ഉടൻ അനുവദിക്കുക, 2% ക്ഷാമാശ്വാസത്തിന്റെ 39 മാസത്തെയും, 3% ക്ഷാമാശ്വാസത്തിന്റെ 40 മാസത്തെയും കുടിശ്ശിക നിഷേധിച്ച വഞ്ചനാപരമായ നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു. അശാസ്ത്രീയമായ പങ്കാളിത്ത പെൻഷൻ പദ്ധതി മൂലം കഷ്ടതയനുഭവിക്കുന്ന പെൻഷൻകാരെ രക്ഷിക്കുവാൻ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പെൻഷൻ പരിഷ്ക്കരണത്തിന് കമ്മീഷനെ നിയമിക്കുക, മെഡിസെപ് ചികിത്സാ ചെലവിന്റെ ഒരു ചെറിയ ശതമാനം മാത്രം നൽകുന്ന രീതി അവസാനിപ്പിക്കുക, ആയുർവേദ, ഹോമിയോ, സിദ്ധ ചികിത്സയും മെഡി സെപ് പരിധിയിൽ ഉൾപ്പെടുത്തുക, മെഡി സെപിന്റെ വിശദാംശങ്ങൾ അറിയുന്നതിനായി ഫുൾ ടൈം നോഡൽ ഓഫീസറെ നിയമിക്കുക, റെയിൽവെയിൽ മുതിർന്ന പൗരൻമാർക്ക് നൽകുന്ന നിരക്കിളവ് പുനഃസ്ഥാപിക്കുക മുതലായ ആവശ്യങ്ങളും ഊന്നയിച്ചു.