എലത്തൂർ: തിരക്കുകൾ നിറഞ്ഞ നഗരത്തിൽ നിന്ന് വിട്ടുമാറി പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സന്ദർശകരെത്തുന്ന കൈപ്പുറത്ത് പാലം ജലാശയത്തിന് വേണം ടൂറിസം ഭൂപടത്തിൽ ഒരിടം. ചുറ്റും പടർന്നു പന്തലിച്ച വൈവിധ്യമായ കണ്ടലുകളും അതിഥികളായെത്തുന്ന ദേശാടന കിളികളുമുള്ള പ്രദേശം സന്ദർശകരുടെ മനം കുളിർപ്പിക്കുന്ന ഇടമാണ്.
എടക്കാട്- കൈപ്പുറത്ത് പാലം – എരഞ്ഞിക്കൽ റോഡിൽ കനോലി കനാലുമായി അതിരിട്ടാണ് ജലാശയം. പുഞ്ചപ്പാടമായിരുന്ന സ്ഥലം ഒരു നൂറ്റാണ്ട് മുമ്പ് കനോലി കനാലിൽ നിന്ന് വെള്ളം കയറിയതോടെയാണ് ജലാശയമായത്. മൂർക്കനാട് മുതൽ മൊകവൂർ കൈപ്പുറത്ത്, എരഞ്ഞിക്കൽ, കൊന്നാരിതാഴം പുതിയ നിരത്ത് ജെട്ടി വരെ 50 ഏക്കറോളമുണ്ട് ഈ ജലാശയം. ബോട്ട് സർവീസ് ആരംഭിക്കാൻ അനുയോജ്യമായ സ്ഥലമാണിത്.
പ്രദേശത്തെ ഭൂഉടമകളും കോർപ്പറേഷനും ചേർന്നുള്ള സംയുക്ത ടൂറിസം പദ്ധതികൾക്ക് നേരത്തെ ആലോചന നടന്നിരുന്നെങ്കിലും ഒന്നും എവിടെയും എത്തിയില്ല. വേലിയേറ്റ വേലിയിറക്കങ്ങൾ തടസ്സമില്ലാതെ നടക്കുന്ന ജലാശയത്തിന് പാരിസ്ഥിതിക ഭീഷണികളൊന്നുമില്ല. ജലാശയത്തിൻ്റ
ടൂറിസം സാധ്യതകൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അയൽപക്ക കൂട്ടായ്മകളുടെയും സാമൂഹ്യ സംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ കൈപ്പുറത്ത് പാലം ഫെസ്റ്റ് തുടങ്ങിയിട്ടുണ്ട്.