പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളും ടാങ്കർലോറി തൊഴിലാളി സംഘടനാ നേതാക്കളുമായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ അടിയന്തര യോഗം ചേർന്ന് ഇരുവിഭാഗക്കാരും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പഞ്ഞു. പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളും ടാങ്കർലോറി തൊഴിലാളി സംഘടനാ നേതാക്കളും പെട്രോളിയം കമ്പനി മാനേജർമാരുമായി കളക്ടറേറ്റിൽ ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ഞായറാഴ്ച വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ വേണ്ടിവന്നാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ചില പമ്പുകൾക്ക് ലോഡ് നിഷേധിക്കുന്നതായുള്ള പമ്പ് ഉടമകളുടെ പരാതിയും ടാങ്കർ ലോറി തൊഴിലാളികൾക്ക് നൽകിവരുന്ന ബത്തയിൽ കാലോചിതമായ മാറ്റം വരണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യമുൾപ്പെടുയുള്ള കാര്യങ്ങൾ ഉചിതമായ രീതിയിൽ പരിഹരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. പമ്പുകളുടെ പ്രവർത്തനം തടസ്സപ്പെടാത്ത രീതിയിൽ ഇരു വിഭാഗവും ചേർന്ന് പ്രശ്നം പരിഹരിക്കണമെന്നും കളക്ടർ പറഞ്ഞു.
യോഗത്തിൽ എഡിഎം സി മുഹമ്മദ് റഫീഖ്, പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് ഭാരവാഹികൾ, ടാങ്കർ ലോറി തൊഴിലാളികൾ, എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസിയിൽ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.