കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഡി എച്ച് എസ് ഓഫീസിന് മുൻപിലേക്ക് മാർച്ച് നടത്തി. തൃശൂർ ജില്ലയിലെ ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവിലേക്ക് യാതൊരുവിധ അംഗീകാരവും യോഗ്യതയുമില്ലാത്ത അസിസ്റ്റൻറ് ഫാർമസിസ്റ്റ് കോഴ്സ് കഴിഞ്ഞ ആളുകളെ നിയമം ലംഘിച്ച് നിയമിക്കാൻ നീക്കം നടക്കുന്നതിനെതിരെ പ്രതിഷേധമിരമ്പി. മാനന്തവാടി ജില്ലാ ആശുപത്രിയിലും സമാനമായ നടപടി ഉണ്ടായിട്ടു ണ്ട്.
അംഗീകൃത ഫാർമസി കോഴ്സ് കഴിഞ്ഞ് കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചവർ 94465 ആണ്. ഇതിൽ പതിനായിരങ്ങളാണ് തൊഴിൽ അന്വേഷകരായി നടക്കുന്നത്. ആയതിനാൽ നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമരത്തിൽ ആവശ്യമായിരുന്നു.
കെ.പി.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് യോഹന്നാൻകുട്ടി എം അധ്യക്ഷതവഹിച്ചു. ഫാർമസി കൗൺസിൽ പ്രസിഡൻറ് ഓ.സി നവീൻ ചന്ദ്, ടി. സതീശൻ, എം. ആർ അജിത് കുമാർ, ഗോപകുമാർ കെ. പി, ബിജുലാൽ, പി. ജെ അൻസാരി, എന്നിവർ സംസാരിച്ചു. മാർച്ചിന് ഷിസി പകൽകുറി, ഷീബ സേതുലാൽ, ശ്രീകുമാർ ,ജയകുമാർ,ജിനൻ ടി.വി,നജീഷ്, മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.സംസ്ഥാന സെക്രട്ടറി നവീൻ ലാൽ പാടിക്കുന്ന് സ്വാഗതം പറഞ്ഞു.