കുന്ദമംഗലത്തെ പരിസരപ്രദേശങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യം കയറ്റാന്‍ എത്തിയ ലോറിയും ഡ്രൈവറും സഹായിയും കുന്ദമംഗലം പോലീസിന്റെ പിടിയില്‍. എടവണ്ണ കിഴക്കേതല പുത്തന്‍വീട്ടില്‍ ഷെരീഫിന്റെ മകന്‍ വഫീദ് ടി വി (24), മുള്ളന്‍പാറ കൂട്ടുമൂച്ചിക്കല്‍ വീട്ടില്‍ ഉമ്മറിന്റെ മകന്‍ ജുനൈദ് എന്നിവരാണ് പിടിയിലായത്. ലോറി കസ്റ്റഡിയിലെടുത്തു.
കുന്ദമംഗലത്തിന്റെ പരിസരപ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തില്‍ പോലീസ് കര്‍ശന പരിശോധനകള്‍ ആരംഭിച്ചിരുന്നു.അര്‍ദ്ധരാത്രി മാലിന്യം ശേഖരിച്ച് തള്ളാന്‍ എത്തിയ ലോറിയും ഡ്രൈവറും സഹായിയും പോലീസ് പിടിയിലായത് കെട്ടാങ്ങില്‍ ഭാഗത്ത് നിന്നാണ്. പോലീസിനെ കണ്ടപാടെ നിര്‍ത്താതെ ഓടിച്ചു പോയ വാഹനം എസ്ഐയും സംഘവും പിന്തുടര്‍ന്ന് കണ്‍ട്രോള്‍ റൂം 5 പോലീസിന്റെ സഹായത്തോടെ കുന്ദമംഗലത്ത് വെച്ച് ബ്ലോക്ക് ചെയ്തു പിടികൂടുകയായിരുന്നു. കുന്ദമംഗലം എസ് ഐ ഗിരീഷ് കുമാര്‍, ഡ്രൈവര്‍ ഷെമീര്‍, സുരേഷ് കുമാര്‍, കണ്‍ട്രോള്‍ റൂം 5 പോലീസ് എന്നിവരായിരുന്നു പ്രതികളെ പിടികൂടിയത്. കുന്ദമംഗലം ഭാഗത്തെ പരിസരപ്രദേശങ്ങളിലുള്ള സ്ഥലങ്ങളില്‍ നിന്ന് മാലിന്യം ശേഖരിച്ച് പൊയ്യയില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ തള്ളാനായിരുന്നു ഇവരുടെ ശ്രമം എന്ന് പോലീസിനോട് പ്രതികള്‍ പറഞ്ഞു.