ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് സാക്ഷ്യം വഹിക്കാൻ 22 മലയാളികളും. 76ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി പരേഡില്‍ പങ്കെടുക്കാൻ ക്ഷണിച്ച 10000 പേരിൽ പ്രത്യേക അതിഥികളായി കലാകാരൻമാര്‍ ഉള്‍പ്പെടെ 22 മലയാളികള്‍ക്ക് ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
പാലക്കാട് നിന്നുള്ള കലാകരനും പത്മശ്രീ ജേതാവുമായ രാമചന്ദ്ര പുലവർ, കൊല്ലത്തു നിന്നുള്ള ബി. രാധാകൃഷ്ണൻ പിള്ള, എറണാകുളത്തു നിന്നുള്ള ശശിധരൻ പി.എ എന്നിവരുമുണ്ട്. ഇരുവരും കരകൗശല വസ്‌തുക്കളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയ അവാർഡ് ജേതാക്കളാണ്. പ്രധാനമന്ത്രി യശസ്വി പദ്ധതിയുടെ കീഴിൽ 13 പേർ, തുണിത്തരങ്ങൾ (കരകൗശലം) വിഭാഗത്തിൽ മൂന്ന് വ്യക്തികൾ (ഒരു പത്മശ്രീ, രണ്ട് ദേശീയ അവാർഡ് ജേതാക്കൾ), വനിതാ ശിശു വികസന വിഭാഗത്തിൽ ആറ് പേർ എന്നിങ്ങനെയാണ് അതിഥികളുടെ പട്ടിക. റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കു പുറമേ ഇവർക്കു ദേശീയ യുദ്ധസ്‌മാരകം, പിഎം സംഗ്രഹാലയ, ഡൽഹിയിലെ മറ്റു പ്രമുഖ സ്ഥലങ്ങൾ എന്നിവ സന്ദർശിക്കാനും മന്ത്രിമാരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടാകും.
ജനുവരി 26ന് കർത്തവ്യ പഥിൽ രാവിലെ 10:00 മുതൽ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന ഫ്ലോട്ടുകൾ പരേഡിൽ മാറ്റുകൂട്ടും. അതത് സംസ്ഥാനങ്ങളിലെ സംസ്‌കാരങ്ങൾ, ആചാരങ്ങൾ, നേട്ടങ്ങൾ എന്നിവ പ്രദര്‍ശിപ്പിക്കും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സൈനികര്‍ അവരുടെ കഴിവും ചാതുര്യവും പ്രകടിപ്പിക്കും. ഇന്ത്യൻ വ്യോമസേനയുടെ അതിശയിപ്പിക്കുന്ന ഫ്ലൈപാസ്റ്റോടെ പരിപാടി അവസാനിക്കും.