നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വിസ്തൃതമായ പാടശേഖരം, പാടശേഖരത്തെ കീറിമുറിച്ചു പോകുന്ന തോട്. തോടിന് ഇരുവശവും ട്രാക്ടര്‍വേകള്‍. തലങ്ങും വിലങ്ങനെയും നീര്‍മ്മിക്കുന്ന ചെമ്മണ്‍ പാതയിലൂടെ നടന്നെത്തിയാല്‍ ഇതുവരെ കാണാത്ത പാടശേഖരത്തിന്റെ ദൃശ്യം നുകരാനാവും. കുറ്റിച്ചെടികളും പായലും നിറഞ്ഞു കിടന്ന പാടത്തിന് നടുവിലൂടെ നടന്നു ചെല്ലാന്‍ സാധിക്കും. വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍കൃഷി വികസനത്തോടൊപ്പം ഫാം ടൂറിംസവും വിഭാവനം ചെയ്തുകൊണ്ടുളള വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. പ്രഭാത, സായാഹ്ന സവാരിക്കെത്തുന്നവര്‍ക്കെല്ലാം ഒരേസമയം വ്യായാമവും വിനോദവും സമ്മാനിക്കുന്നതായിരിക്കും ഇവിടെ നടപ്പിലാക്കുന്ന വികസന പദ്ധതികള്‍.
തെക്കന്‍ ചല്ലി, ഒറവിങ്കല്‍ താഴ, വടക്കന്‍ ചല്ലി, ഒറ്റക്കണ്ടം ഖാദി, ഒല്ലാച്ചേരിത്താഴ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നാണ് വെളിയണ്ണൂര്‍ ചല്ലിയിലേക്ക് ട്രാക്ടര്‍ വേകള്‍ നിര്‍മ്മിക്കുന്നത്. ടാര്‍ ചെയ്യാത്ത ചെമ്മണ്‍ പാതകളായിരിക്കും ഇവ. മഴക്കാലത്ത് വെള്ളം കയറി ഇറങ്ങിപോകാന്‍ പാകത്തിലുളള പാതയിലൂടെ കാര്‍ഷികാവശ്യത്തിന് ട്രാക്ടറുകള്‍ക്ക് പോകാന്‍ കഴിയും. നെല്‍കൃഷിയ്ക്ക് വളമെത്തിക്കാനും, തൊഴിലാളികളെ കൊണ്ടു പോകാനും, കൊയ്‌തെടുക്കുന്ന കറ്റകള്‍ കരയിലേക്ക് എത്തിക്കാനും ട്രാക്ടര്‍ വേകള്‍ സഹായിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്ന് പാടശേഖരത്തിലേക്ക് വാഹനത്തില്‍ സഞ്ചരിക്കാന്‍ ഇതു കൊണ്ട് കഴിയും.
പായലും കുറ്റിച്ചെടികളും നിറഞ്ഞു കിടക്കുന്ന വെളിയണ്ണൂര്‍ ചല്ലിയുടെ വിവിധ ഭാഗങ്ങളിലേക്ക് കര്‍ഷകര്‍ക്കും കൃഷി ഉദ്യോഗസ്ഥര്‍ക്കും കടന്നു ചെല്ലാന്‍ ട്രാക്ടര്‍വേകള്‍ സഹായിക്കും.പാടശേഖരം കാണാനെത്തുന്നവര്‍ക്കും ഇത് വലിയ സഹായകമാകും. പാതയുടെ ഓരങ്ങളില്‍ പൂകൃഷി നടത്താനും വലിയ സാധ്യതയാണുളളത്. ചെണ്ടു മല്ലിയും വാടാമലരിയും ജമന്തിയും നട്ടുപിടിപ്പിച്ചാല്‍ മികച്ചൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി ഇവിടെ മാറ്റാവുന്നതാണ്. ജലാശയങ്ങളില്‍ വിവിധ വര്‍ണ്ണത്തിലുളള ആമ്പല്‍, താമര എന്നിവയും വളര്‍ത്താം. പ്രദേശവാസികള്‍ക്ക് ഇതൊരു വരുമാന മാര്‍ഗ്ഗവുമാക്കാം. ട്രാക്ടര്‍ വേയ്ക്ക് നടുവിലൂടെ നിര്‍മ്മിച്ച തോട്ടില്‍ മല്‍സ്യ കൃഷി നടത്താവുന്നതാണ്. ഇവിടങ്ങളില്‍ പെഡല്‍ ബോട്ടിംഗ് ഉള്‍പ്പടെയുളള ജല വിനോദങ്ങളും ഏര്‍പ്പെടുത്താം. വെളിയണ്ണൂര്‍ ചല്ലിയുടെ ഏകദേശ മധ്യത്തിലൂടെ ഒറവിങ്കല്‍ താഴ മുതല്‍ ചെറോല്‍ താഴ വരെയാണ് നടുത്തോട് നിര്‍മ്മിക്കുന്നത്. ഇതാണ് പ്രധാന പ്രവൃത്തി. ഇതിന് ഇരുകരകളിലും ട്രാക്ടര്‍ വേകള്‍ സജ്ജമാക്കുന്നുണ്ട്. ചെറോല്‍, മുതുവോട്ട് ഭാഗത്തെ വിസ്തൃതമായ ജലാശയങ്ങളില്‍ ഉല്ലാസ ബോട്ട് സര്‍വ്വീസ് ഏര്‍പ്പെടുത്തിയാല്‍ ധാരാളം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാവും. പാടശേഖരത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ജലം സംഭരിച്ചു നിര്‍ത്താനും ജലക്രമീകരണത്തിനുമായി 10 മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയും മൂന്ന് മീറ്റര്‍ ആഴവുമുള്ള എട്ട് ചെറു കുളങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഈ ചെറുകുളങ്ങള്‍ നീന്തല്‍ പരിശീലനത്തിനും ഉപയോഗിക്കാം. ചല്ലിയിലെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഔഷധ സസ്യ, പുല്‍കൃഷി എന്നിവ കൃഷി ചെയ്യും. മല്‍സ്യ കൃഷിയ്ക്കും താറാവ് വളര്‍ത്തലിനും വന്‍ സാധ്യതയാണ് വെളിയണ്ണൂര്‍ ചല്ലിയിലുളളത്. ഇപ്പോള്‍ നടപ്പിലാക്കുന്ന 20 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കിയാല്‍ രണ്ടാം ഘട്ട വികസന പദ്ധതിക്ക് മറ്റൊരു പ്രോജക്ട് കൂടി തയ്യാറാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
279.78 ഹെക്ടര്‍ പാടശേഖരമാണ് വെളിയണ്ണൂര്‍ ചല്ലിയിലുളളത്. ഇതില്‍ 70 ശതമാനം നെല്‍കൃഷി ചെയ്യാന്‍ കഴിയുന്നതാണ്. ബാക്കിയിടങ്ങളില്‍ ഫാം ടൂറിസം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് വെളിയണ്ണൂര്‍ ചല്ലി വികസന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. പാശ്ചാത്തല സൗകര്യമൊരുക്കി കഴിഞ്ഞാല്‍ രണ്ടാം ഘട്ടമായി ഫാം ടൂറിസം പദ്ധതി നടപ്പിലാക്കും. പടശേഖരങ്ങളുടെ സമീപം ഇളംതെന്നലാസ്വദിച്ച് ഇരിക്കാന്‍ ഇരിപ്പിടങ്ങള്‍ സജ്ജമാക്കണം. നാടന്‍വിഭവങ്ങളായ കപ്പയും ചേമ്പും, കാച്ചിലും മത്സ്യ വിഭവങ്ങളും ആസ്വദിച്ച് കഴിക്കാനുളള സജ്ജീകരണങ്ങള്‍ വേണം. ബോട്ടിലും തോണിയിലും യാത്ര ചെയ്യാനുളള സംവിധാനം വേണം. വിസ്തൃതമായ വെളിയണ്ണൂര്‍ ചല്ലിയുടെ ഭംഗിയറിഞ്ഞ് ഭാവനാപൂര്‍ണ്ണമായ വികസന പദ്ധതിയാണ് നടപ്പിലാക്കേണ്ടത്. ഉത്തരവാദിത്ത ടൂറിസം പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കാവുന്ന വിളനിലമാണിത്. ചല്ലിയോട് ചേര്‍ന്ന നായാടന്‍ പുഴയും മുതുവോട്ട് ജലാശയവും ഇതിനായി ഉപയോഗപ്പെടുത്തണം. അരിക്കുളം ഗ്രാമ പഞ്ചായത്ത് സംസ്ഥാന ടൂറിസം മന്ത്രി പി.എ.മുഹമ്മദിന് റിയാസിന് സമര്‍പ്പിച്ച നിവേദനത്തില്‍ വെളിയണ്ണൂര്‍ ചല്ലിയുടെ ടൂറിസം വികസനമാണ് പ്രധാനമായും ഉന്നയിച്ചത്.
അരിക്കുളം പഞ്ചായത്ത് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍: ഹട്ടുകള്‍- വെളിയണ്ണൂര്‍ ചല്ലിയുടെ അതിരുകളില്‍ ഹട്ടുകള്‍ (കുടിലുകള്‍) നിര്‍മ്മിക്കുന്നത് വിനോദ സഞ്ചാരികളെ ആകർഷിക്കും, ഹട്ടുകളില്‍ താമസിക്കുന്നവര്‍ക്ക് നാടന്‍ ഭക്ഷണം നല്‍കണം. തൂക്കുപാലം-ചല്ലിയുടെ ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയില്‍ തൂക്കുപാലം നിര്‍മ്മിച്ചാല്‍ വയലിന്റെ ഭംഗി ആസ്വദിക്കാനാവും. ബോട്ടിംഗ്-ചല്ലിയുടെ നടുവില്‍ കൂടി പോകുന്ന തോട്ടിലൂടെ മിനി ബോട്ട് സര്‍വ്വീസ് നടത്താവുന്നതാണ്. നെല്‍കൃഷിയും മത്സ്യകൃഷിയും-ചല്ലിയില്‍ കാലാവസ്ഥ കണക്കാക്കി നെല്‍കൃഷിയും മത്സ്യ കൃഷിയും മാറിമാറി നടത്താന്‍ കഴിയും.