നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡി അപേക്ഷ പോലും പൊലീസ് നൽകിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ റിമാൻഡിൽ തുടരേണ്ടതില്ലെന്നുമാണ് ഹർജിയിലെ വാദം.
അന്വേഷണത്തോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ഇന്ന് തന്നെ ഹർജി ഹൈക്കോടതി പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ചൊവ്വാഴ്‌ചയിലേക്ക് മാറ്റി. കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂർ നിലവിലുള്ളത്. പരാതിക്കാരി തന്റെ മൂന്ന് ഷോപ്പുകൾ ഉദ്ഘാടനം ചെയ്‌തിട്ടുണ്ട്. ദീർഘകാലത്തെ പരിചയവും ബന്ധവും ഉണ്ട്. പരാതിക്കാരി തന്നെ മാധ്യമങ്ങളിലൂടെ വേട്ടയാടുകയാണ്, പരാതി നൽകും മുൻപ് സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നും ഹർജിയിൽ വാദമുണ്ട്.
എന്നാൽ അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി, പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും ആരാഞ്ഞു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.