പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ ബാലുശ്ശേരി എരമംഗലം കോക്കല്ലൂർ മുഹമ്മദ് ആട്ടൂരിനെ (മാമി -56) നഗരത്തിൽനിന്ന് കാണാതായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കവെ അദ്ദേഹത്തിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. ഡ്രൈവർ രജിത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് ഇന്നലെ മുതൽ കോഴിക്കോട് നിന്ന് കാണാതായത്. തുഷാരയുടെ സഹോദരൻ ഇതുസംബന്ധിച്ച് നടക്കാവ് പൊലീസിൽ പരാതി നൽകി. നിലവിൽ ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറയുന്നു.
മാമിയുടെ വിശ്വസ്തനായിരുന്ന ഡ്രൈവർ രജിത് കുമാറിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് മാമി തിരോധാന കേസിൽ പങ്കുണ്ടെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംശയിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. എലത്തൂർ സ്വദേശിയായ രജിത് കുമാറും ഭാര്യ തുഷാരയും ഏതാനും നാളുകളായി എലത്തൂരിലെ വീട് ഒഴിവാക്കി കോഴിക്കോട് മാവൂർ റോഡിലെ എൻ.വൈ.കെ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ഇവിടെ നിന്ന് റൂം ഒഴിവാക്കി പുറത്തുപോയ ഇരുവരെയും കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും വീട്ടിൽ നിന്നും പോയത്. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുന്നിലൂടെ രജിത് കുമാറും ഭാര്യയും നടന്നു പോകുന്ന ദൃശ്യങ്ങളും പിന്നീട് ഓട്ടോയിൽ കയറി പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
2023 ആഗസ്റ്റ് 21നാണ് നഗരത്തിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിനെ കാണാതായത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. 22ന് തലക്കുളത്തൂരിൽ ഫോൺ ഓണായി ഭാര്യയെയും സുഹൃത്തിനെയും വിളിച്ചുവെങ്കിലും പിന്നീട് വീണ്ടും ഓഫായി. മാമിയെ കാണാനില്ലെന്ന് അന്നാണ് ബന്ധുക്കൾ നടക്കാവ് പൊലീസിൽ പരാതി കൊടുത്തത്. സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന രാജ്പാൽ മീണയുടെ നേതൃത്വത്തിൽ രണ്ടുമാസം പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കഴിഞ്ഞ ജൂലൈ 10ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയിട്ടും തുമ്പുണ്ടാക്കാനായില്ല. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. നേരത്തേ സി.ബി.ഐക്ക് കേസ് കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് കോഴിക്കോട് റെയ്ഞ്ച് ഐ.ജി പി. പ്രകാശിന്റെ മേല്നോട്ടത്തില് ഡിവൈ.എസ്.പി യു. പ്രേമനാണ് അന്വേഷണച്ചുമതല.