വെള്ളപ്പൊക്കങ്ങളും പ്രകൃതിദുരന്തങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ജനജീവിതത്തെ പിടിച്ചുകുലുക്കിയ ഒരു പ്രളയമായിരുന്നു 1924 ലെ വെള്ളപ്പൊക്കം. മലയാള വര്‍ഷം 1099 ലാണ് ഈ വെള്ളപ്പൊക്കമുണ്ടായത്. അതുകൊണ്ട് 99 ലെ വെള്ളപ്പൊക്കം എന്ന പേരിലും ഇത് അറിയപ്പെടുന്നു. പെരിയാര്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം മൂന്നാഴ്ചയോളം നീണ്ടുനിന്ന നിലയ്ക്കാത്ത മഴയായിരുന്നു. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കുട്ടനാടന്‍ പ്രദേശങ്ങള എന്നിവയായിരുന്നു 1924 ലെ വെള്ളപ്പൊക്കം പ്രത്യക്ഷമായും ബാധിച്ച കേരളത്തിലെ പ്രധാന ഭൂപ്രദേശങ്ങള്‍. കൂടാതെ പരോക്ഷമായി കേരളത്തെ ഒന്നാകെ ഈ വെള്ളപ്പൊക്കം കാര്യമായി ബാധിക്കുകയുണ്ടായി.
തകഴിയുടെ വിഖ്യാതമായ വെള്ളപ്പൊക്കത്തില്‍ എന്ന കഥ ഈ പശ്ചാത്തലത്തിലുള്ളതാണ്. തകഴിയുടെ ഈ കഥയെ ആസ്പദമാക്കി പില്‍ക്കാലത്ത് മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജയരാജ് ഒരു ചലച്ചിത്രവും സംവിധാനം ചെയ്യുകയുണ്ടായി. 1924 ല്‍ പ്രളയ സമയത്ത് മലബാറില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ശീതസമരത്തെക്കുറിച്ചുള്ള സൂചകങ്ങള്‍ നമുക്ക് ആര്‍ക്കൈവ്‌സ് രേഖകളില്‍ നിന്ന് ലഭിക്കുന്നു.
1924-ല്‍ മലബാറിലെ കലക്ടറായിരുന്ന ജെ.എ.ത്രോണ്‍സ് 1924 ജൂലൈ 27 ന് ഊട്ടിയില്‍ നിന്ന് മദ്രാസിലെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. (ചൂടുകാലങ്ങളില്‍ അഥവാ വേനല്‍ക്കാലങ്ങളില്‍ മദ്രാസ് പ്രസിഡന്‍സിയിലെ ബ്രിട്ടീഷുകാരുടെ ആസ്ഥാനം മദ്രാസില്‍ നിന്ന് ഊട്ടിയിലേക്ക് മാറ്റാറുണ്ട്. സമ്മര്‍ ക്യാപിറ്റില്‍ എന്ന പേരിലായിരുന്നു ഊട്ടി അറിയപ്പെട്ടത്.) 99 ലെ പ്രളയത്തിന്റെ കാലത്ത് മലബാറിലെ പോസ്റ്റല്‍ അറേഞ്ച്‌മെന്റിനെക്കുറിച്ചായിരുന്നു കലക്ടറുടെ കത്ത്. ഈ കത്തില്‍ കലക്ടര്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു.
കത്തില്‍ ഇപ്രകാരം പറയുന്നു: ‘ 1924 ജൂലൈ 16 ന് ശേഷം പുറത്തുനിന്ന് ഒരു കത്തും കോഴിക്കോട്ടെത്തിയിട്ടില്ല. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാണെന്നും കാര്യക്ഷമമല്ല എന്നുമുള്ള ഒരു പൊതു അഭിപ്രായമുണ്ട്’. ഇതേ കലക്ടര്‍ 1924 ജൂലൈ 31-ാം തിയ്യതി മദ്രാസ് ചീഫ് സെക്രട്ടറിക്കയച്ച ഒരു കത്തില്‍ ജൂലൈ 28-ാം തിയ്യതി ചില കത്തുകള്‍ ലഭിച്ചതായി പറയുന്നു. പക്ഷേ, അതില്‍ ഔദ്യോഗികമായ കത്തുകള്‍ ഒന്നുംതന്നെയില്ല. തനിക്ക് ലഭിച്ച കത്തുകളുടെ കൂട്ടത്തില്‍ ജൂലൈ 25, 27 തിയ്യതികളിലെ ഹിന്ദു, സ്വരാജ്യ എന്നീ പത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, അതേസമയം ജൂലൈ 16-ാം തിയ്യതിക്ക് ശേഷം മദ്രാസ് മെയിലിന്റെ ഒരു കോപ്പിയും ലഭിച്ചിട്ടില്ല. ഇപ്പോള്‍ കോഴിക്കോടും പുറംലോകവും തമ്മിലുള്ള പോസ്റ്റല്‍ സര്‍വ്വീസില്ല. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഈ അസാധാരണമായ വൈകല്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് കലക്ടര്‍ ചീഫ് സെക്രട്ടറിയോട് അഭ്യര്‍ത്ഥിക്കുന്നത്. എന്നാല്‍ മലബാര്‍ കലക്ടര്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെക്കുറിച്ച് ഉന്നയിച്ച ഈ പരാതി മദ്രാസിലെ പോസ്റ്റ് മാസ്റ്റര്‍ ജനറലിനെ ചൊടിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം 1924 ഒക്ടോബര്‍ 16ന് ഓള്‍ഡ് സെന്റ് ജോര്‍ജിലെ ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ വളരെ വ്യക്തമാണ്. ഈ കത്തില്‍ മലബാറില്‍ പ്രളയത്തിനുശേഷം പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കത്തിടപാടുകളുടെ സുഗമമായ വിതരണത്തിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്നു. ഈ കത്തില്‍ മലബാറിലെ തപാല്‍ ഉരുപ്പടികളുടെ വിതരണത്തെക്കുറിച്ച് കലക്ടര്‍ ഉന്നയിച്ച ആരോപണം അദ്ദേഹം ശക്തമായി എതിര്‍ക്കുന്നു. തപാല്‍ ഉരുപ്പടികള്‍ വൈകുന്നതിന് കാരണമായി പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്: ”റെയില്‍വേ മെയില്‍ സര്‍വ്വീസ് വഴിയാണ് കോഴിക്കോട് നിന്നും കോഴിക്കോട്ടേക്കും തപാല്‍ ഉരുപ്പടികള്‍ അയക്കുന്നതും വരുന്നതും. റെയില്‍വേ മെയില്‍ സര്‍വ്വീസ് പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷന്റെ മറ്റൊരു വിഭാഗമാണ്. പൂനെയാണ് അതിന്റെ ആസ്ഥാനം. മദ്രാസ് പ്രസിഡന്‍സിയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ മഴയും മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തെത്തുടര്‍ന്നും റെയില്‍ ഗതാഗതം താറുമാറായതിനാലാണ് കത്തിടപാടുകള്‍ വൈകിയത്.” ചീഫ് സെക്രട്ടറിയോട് അദ്ദേഹം ട്രിച്ചി, കോയമ്പത്തൂര്‍, തെക്കന്‍ കര്‍ണ്ണാടക, നീലഗിരി എന്നിവിടങ്ങളിലെ കലക്ടര്‍മാരോട് പ്രളയകാലത്തെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനം എങ്ങനെയായിരുന്നു എന്ന് അന്വേഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഇതിനെത്തുടര്‍ന്ന് തന്റെ വാദത്തെ പിന്തുണക്കാനായി മലബാറിലെ പ്രളയത്തെക്കുറിച്ച് കലക്ടര്‍ നല്‍കിയ വിശദീകരണം കൂടെ ചേര്‍ത്തിട്ടുണ്ട്.
പ്രളയമുണ്ടായപ്പോള്‍ മലബാറിലെ കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്തത് ഇവിടെ സാധാരണ ജനജീവിതം അസാധ്യമായിരിക്കുന്നു എന്നാണ്.
അങ്ങനെ കേരളത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ച 99 ലെ പ്രളയം വാര്‍ത്താ വിനിമയം, ഗതാഗത സൗകര്യങ്ങളെ നിര്‍ണ്ണായകമായി സ്വാധീനിച്ചു. ആ സമയത്ത് മദ്രാസ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ഈ ശീതസമരം മലബാറിന്റെ വാര്‍ത്താ വിനിമയ സൗകര്യങ്ങളെക്കുറിച്ചും പ്രളയത്തിന്റെ വ്യാപ്തിയും വ്യക്തമാക്കുന്നതാണ്.