കർണാടകയിലെ വനമേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആറ് മാവോവാദികൾ ആയുധം വെച്ച് കീഴടങ്ങി. ബുധനാഴ്ച വൈകീട്ട് ബംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മുമ്പാകെയാണ് നാടകീയമായി കീഴടങ്ങിയത്. വയനാട് സ്വദേശിനി ടി.എൻ. ജിഷ, തമിഴ്നാട് സ്വദേശി വസന്ത്, ചിക്കമഗളൂരു ശൃംഗേരി മുന്ദഗാരു സ്വദേശിനി മുണ്ടുഗാരു ലത, കാലസ ബലഹോളെ സ്വദേശിനി വനജാക്ഷി, ദക്ഷിണ കന്നട ബെൽത്തങ്ങാടി കുത്തലൂർ സ്വദേശിനി സുന്ദരി, കർണാടക റായ്ച്ചൂർ സ്വദേശി മാരേപ്പ അരോടി എന്ന ജയണ്ണ എന്നിവരാണ് വ്യവസ്ഥിതിക്കെതിരായ ഒളിവുപോരാട്ടം അവസാനിപ്പിച്ച് മുഖ്യധാരയിലേക്ക് തിരിച്ചെത്തിയത്. ഇതോടെ കർണാടകയിലെ അവസാന മാവോവാദി സാന്നിധ്യം കൂടിയാണ് അവസാനിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയിലെത്തിയ മാവോവാദികൾക്ക് സിദ്ധരാമയ്യ ഭരണഘടനയുശട കോപ്പികൾ കൈമാറി.
