പെരിയ കേസില്‍ സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി. നാല് പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് കെ വി കുഞ്ഞിരാമന്‍, മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, ഭാസ്‌കരന്‍ വെളുത്തോളി എന്നിവർ ജയിൽ മോചിതരായത്. കെ വി കുഞ്ഞിരാമന്‍ , കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവര്‍ക്ക് സി ബി ഐ കോടതി 5 വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തു 4 പേര്‍ക്കും ഉടന്‍ ജാമ്യം അനുവദിക്കാന്‍ ഉത്തരവിട്ടത്.
പ്രതികളെ സ്വീകരിക്കാനായി സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് എംവി ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവർ ജയിലിൽ എത്തി. ഉത്തരവുമായി എത്തിയ നേതാക്കളാണ് പ്രതികളെ സ്വീകരിച്ചത്.
അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി സിബിഐക്ക് നോട്ടീസയച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്‌റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കുറ്റകൃത്യത്തിലോ ഗുഡാലോചനയിലും ഒരു തരത്തിലും തങ്ങള്‍ പങ്കെടുത്തിട്ടില്ലെന്നും 4 പേരും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സിപിഐഎമ്മിനെതിരായ ഗൂഢാലോചനയാണ് കേസില്‍ പ്രതികളാകാന്‍ കാരണമെന്ന് പുറത്തിറങ്ങിയ കെ വി കുഞ്ഞിരാമന്‍ പറഞ്ഞു. പൊളിഞ്ഞത് സിബിഐ തയ്യാറാക്കിയ കെട്ടുകഥകളാണെന്നും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിച്ചുവെന്നും കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.
ഐ പി സി 225 പ്രകാരം പ്രതികളെ സഹായിച്ചു എന്നതായിരുന്നു 4 പേര്‍ക്കും എത്തിരെയുള്ള കുറ്റാരോപണം. ഇതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സി ബി ഐക്ക് കഴിഞ്ഞില്ലെങ്കിലും 4 പേരെയും വിചാരണ കോടതി ശിക്ഷിക്കുകയായിരുന്നു. ഇതാണ് 4 പേരും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.