അത്തോളി: നിറയെ പുസ്തകങ്ങളുളള ഒരു സ്‌കൂള്‍ ലൈബ്രറി, സ്‌കൂളിനെ ലോകമറിയേണ്ടത് മികച്ച ലൈബ്രറിയിലൂടെ.. പ്രജീഷിന് അതു മാത്രമാണ് ലക്ഷ്യം. മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂളിലെ പ്രധാന അധ്യാപകനാണ് എന്‍.ഡി.പ്രജീഷ്. നേരം പുലര്‍ന്ന് തുടങ്ങുമ്പോഴേക്കും പ്രജീഷ് പുസ്തകങ്ങള്‍ ശേഖരിക്കാനിറങ്ങും. സുഹൃത്തുക്കള്‍, സഹപാഠികള്‍, പൊതു പ്രവര്‍ത്തകര്‍, അധ്യാപകര്‍, ജീവനക്കാര്‍, പ്രവാസികള്‍ എന്നിവരാണ് ലക്ഷ്യം. തങ്ങളുടെ ശേഖരത്തിലുളള ഏതെങ്കിലും കുറച്ച് പുസ്‌കങ്ങള്‍ നിറഞ്ഞ മനോസ്സോടെ നല്‍കാന്‍ ഈ അധ്യാപകന്‍ ആവശ്യപ്പെടുമ്പോള്‍ മറുത്തൊന്നും പറയാന്‍ പുസ്തക പ്രേമികള്‍ക്കും കഴിയില്ല. ഓരോ ദിവസവും പുസ്‌കങ്ങള്‍ സമാഹരിച്ച ശേഷമാണ് സ്‌കൂളിലെത്തുക. വൈകീട്ട് സ്‌കൂള്‍ വിട്ടാലും പുസ്തകങ്ങള്‍ തേടിയിറങ്ങും. ഇതിന് സഹാധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂര്‍ണ്ണ പിന്തുണയുമുണ്ട്. പ്രധാനാധ്യാപകനോടൊപ്പം അവരും പുസ്തക സമാഹരണത്തിലാണ്.
മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂളില്‍ തീരെ ചെറുതല്ലാത്ത ഒരു ഗ്രന്ഥ ശേഖരമുണ്ടായിരുന്നു. കാലപഴക്കത്താല്‍ അവ മിക്കതും ചിതലരിച്ച് തുടങ്ങിയിരുന്നു. പലതും ഉപയോഗിക്കാന്‍ കഴിയാത്ത വിധം കീറിപ്പറഞ്ഞതായിരുന്നു. ഈ അവസ്ഥയില്‍ നിന്നാണ് പുതിയൊരു ലൈബ്രറിയെ കുറിച്ച് പ്രജീഷും സഹാധ്യാപകരും രക്ഷിതാക്കളും സ്വപ്‌നം കണ്ടത്. വായിച്ചു വളരണമെന്ന് കുട്ടികളെ ഉപദേശിക്കുമെങ്കിലും, അതിന് പുസ്‌കമെവിടെ എന്ന ചിന്ത നാളുകളായി ഇവര്‍ കൊണ്ടു നടക്കുകയായിരുന്നു. നിറയെ പുസ്തകങ്ങള്‍ വേണം, ശാസ്ത്ര വിഷയങ്ങള്‍ക്കും മാനവിക വിഷയങ്ങള്‍ക്കും പ്രാധാന്യമുള്ള, സാഹിത്യ കുതുകികള്‍ക്ക് താല്‍പ്പര്യമുളള, മനുഷ്യന്റെ ഭാവനയെ വികസിപ്പിച്ചെടുക്കുന്ന പുസ്തകങ്ങളുടെ വിപുലമായ ശേഖരം വേണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, അവരുടെ രക്ഷിതാക്കള്‍ക്കും വായിച്ച് വളരാനുതകുന്നതായിരിക്കണം സ്‌കൂള്‍ ലൈബ്രറി. അങ്ങനെ മൊടക്കല്ലൂര്‍ യൂ.പി സ്‌കൂളിലെ ഗ്രന്ഥപ്പുര ദേശങ്ങള്‍ക്കപ്പുറം അറിയണം -ഇതാണ് ഇവരുടെ ലക്ഷ്യം.
പുസ്തകങ്ങള്‍ നല്‍കാന്‍ സന്നദ്ധരാവുന്നവരെ കാണാന്‍ ദൂരങ്ങള്‍ താണ്ടി പ്രജീഷ് എത്തും. രണ്ടായിരത്തിയഞ്ഞൂറോളം പുസ്‌കങ്ങള്‍ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞതായി പ്രജീഷ് പറയുന്നു. സ്‌കൂള്‍ ലൈബ്രറിയിലേക്കായതിനാല്‍ മികച്ച നിലവാരമുളള പുസ്തകങ്ങള്‍ തന്നെയാണ് മിക്കവരും കൈമാറുന്നത്. എണ്ണം തികയ്ക്കല്‍ എന്ന കാര്യത്തിലുപരി മികച്ച പുസ്തകങ്ങളഉടെ ശേഖരം കൂടിയാണ് ഇവര്‍ ലക്ഷ്യമാക്കുന്നത്.