കുന്ദമംഗലത്തു നിന്ന് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച പെട്രോളിയം ഉത്‌പന്നങ്ങൾ പിടികൂടി

കുന്ദമംഗലത്തിന് സമീപം നെച്ചിപ്പൊയിൽ ചങ്ങാലത്തുപറമ്പ് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച 18,000 ലിറ്റർ പെട്രോളിയം ഉത്‌പന്നങ്ങൾ പിടികൂടി. ഗോഡൗണിൽ നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് പെട്രോളിയം ഉത്‌പന്നങ്ങൾ കയറ്റുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പൊലീസ് പരിശോധനയ്ക്ക് എത്തിയത്. ആദ്യഘട്ട പരിശോധനയിൽ തന്നെ ഡീസലിനോട് സാമ്യമുള്ള ദ്രാവകമാണ് പിടികൂടിയത്. 12,000 ലിറ്റർ വലിയ കന്നാസുകളിലും 6000 ലിറ്റർ ടാങ്കർ ലോറിയിൽ നിന്നുമാണ് ഇവ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവിടെയുണ്ടായിരുന്ന തിരൂർ സ്വദേശി ഇ നിസാർ (35 ), തലശേരി സ്വദേശി റിഥിൽ (35 ) എന്നിവരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. മെഡിക്കൽ കോളജ് അസിസ്‌റ്റന്റ് കമ്മിഷണർ എ ഉമേഷ്, കുന്ദമംഗലം ഇൻസ്പെക്‌ടർ എസ് കിരൺ, എസ്ഐ നിധിൻ, പ്രൊബേഷൻ എസ്ഐ ജിബിഷ, ഗ്രേഡ് എസ്ഐ പ്രദീപ്‌ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published.