കോഴിക്കോട് ഏഴരക്കോടി ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച ഡി.സി.സി. ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഫെബ്രുവരിയിൽ ഉദ്ഘാടനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിപുലമായ സൗകര്യങ്ങളോടെയാണ് നാലുനിലയിൽ ജില്ലയിലെ കോൺഗ്രസ് പാർട്ടിക്ക് ആസ്ഥാനമന്ദിരം ഒരുങ്ങിയിരിക്കുന്നത്. ‘ലീഡർ കെ. കരുണാകരൻ മന്ദിരം’ എന്നാണ് 24,000 ചതുരശ്രയടി വിസ്തൃതിയുള്ള പുതിയ ഓഫീസിന്റെ പേര്. 20 മാസംകൊണ്ടാണ് വയനാട് റോഡിൻ്റെ ഓരത്ത് ഓഫീസ് നിർമാണം പൂർത്തിയായത്.
സെൽഫ് റിലൈസ്‌ഡ് എ.സി. സംവിധാനമുള്ള ‘ഉമ്മൻചാണ്ടി ഹാൾ’ 350 പേർക്ക് ഇരിക്കാവുന്ന സൗകര്യമുള്ളതാണ്. താഴത്തെനിലയിൽ റിസപ്ഷൻ പ്രവർത്തിക്കും. ബേസ്മെന്റിൽ 30 വാഹനങ്ങൾക്കും മന്ദിരത്തിനു പുറകിൽ 30 വാഹനങ്ങൾക്കും പാർക്കിങ്ങിന് സൗകര്യമുണ്ട്. വിശാലമായ മുറ്റത്ത് മഹാത്മാഗാന്ധിയുടെയും ജവാഹർലാൽ നെഹ്റുവിന്റെയും കെ. കരുണാകരൻ്റെയും ഉമ്മൻചാണ്ടിയുടെയും പ്രതിമയുണ്ടാവും. ആർട്ടിസ്റ്റ് ഗുരുകുലം ബാബുവാണ് പ്രതിമകൾ നിർമിച്ചത്.
ഒന്നാംനിലയിൽ ഡി.സി. സി. പ്രസിഡന്റിന്റെയും ജനറൽ സെക്രട്ടറിമാരുടെയും മുറികൾ കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ്, ദലിത് കോൺഗ്രസ്, സേവാദൾ എന്നിവയുടെ ജില്ലാ ഓഫീസുകളുണ്ടാവും. സമീപത്തായി 150 പേർക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയവുമുണ്ട്. ഏറ്റവും മുകളിലത്തെ നിലയിൽ ‘എ. സുജനപാൽ സ്മാരക ലൈബ്രറി’ ഒരുങ്ങും. മുതിർന്ന നേതാക്കന്മാർക്കും ജില്ലയിലെ എം.പി.മാർ, എം.എൽ.എ.മാർ. യു.ഡി.എഫ്. ജില്ലാ ചെയർമാൻ, കെ.പി.സി.സി. ഭാരവാഹികൾ എന്നിവരുടെ കാബിനുണ്ടാവും. ഡി.സി.സി. യോഗം ചേരാനുള്ള മുറിയും പോഷകസംഘടനാസെല്ലുകളുടെ മുറിയും രണ്ട് സ്യൂട്ട്റൂമുകളും ഇവിടെയുണ്ട്. സമീപത്തായി സംഘടനാ-തിരഞ്ഞെടുപ്പ് രേഖകളും സ്ഥിതിവിവരക്കണക്കുകളും സൂക്ഷിക്കാൻ വാർറൂമും റിസർച്ച് റൂമുമുണ്ടാവും. അതിനു സമീപത്തായി ഓഫീസ് ക്ലാർക്കുമാരുടെ മുറികളുമുണ്ടാവും. ഇതിനടുത്തായി പത്രസമ്മേളനങ്ങൾ നടത്താൻ മീഡിയാ റൂമുണ്ട്.
കേളപ്പജി, സി.കെ.ജി., മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, മൊയ്തുമൗലവി എന്നിവരുടെ സ്മരണയ്ക്കായി മന്ദിരത്തിൽ പ്ര ത്യേക കോർണറുകൾ സജ്ജീകരിച്ചിട്ടുണ്ട്. കെ.പി.സി.സി. ഉദ്ഘാടനം ഉത്സവഛായയിൽ ഒരാഴ്ച നീളുന്ന പരിപാടികളോടെ ഓഫീസ് ഉദ്ഘാടനം കോഴിക്കോടിന്റെ ഉത്സവമാക്കി മാറ്റും. ദേശീയ -സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ ഏറെക്കാലമായുള്ള സ്വപ്നമാണ് പൂവണിയുന്നത്.