തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് പുതിയ മിന്നൽ ബസ് സർവീസ്. അടുത്തിടെയാണ് മിന്നൽ സർവീസുകൾ സംസ്ഥാനത്തിന് പുറത്തേയ്ക്ക് സർവീസ് ആരംഭിച്ച് തുടങ്ങിയത്. ആദ്യഘട്ടത്തിൽ പാലക്കാട് നിന്നും മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്കാണ് സർവീസ് തുടങ്ങിയത്. ബെംഗളൂരുവിലേയ്ക്ക് കോഴിക്കോട്, പാലക്കാട് റൂട്ടുകളാണ് നിലവിലുള്ളത്. മിന്നലിന്റെ സ്റ്റോപ്പുകളും റൂട്ടും ഈ മാസം തന്നെ തീരുമാനിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
തിരുവനന്തപുരത്ത് നിന്നും നിലവിൽ സ്കാനിയ, വോൾവോ, എസി സ്ലീപ്പർ, നോൺ എസി സ്ലീപ്പർ, സൂപ്പർ ഡീലക്സ് തുടങ്ങിയ ബസുകൾ കെഎസ്ആർടിസി ബെംഗളൂരുവിലേയ്ക്ക് സർവീസ് നടത്തുന്നുണ്ട്. നിലവിൽ മൂകാംബികയിലേയ്ക്ക് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദിവസവും രാത്രി എട്ടിന് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ 6.20ന് കൊല്ലൂരിലെത്തും. കൊല്ലൂരിൽ നിന്ന് രാത്രി 8ന് പാലക്കാട്ടേക്കും സർവീസ് നടത്തും. പാലക്കാട് സ്റ്റാൻഡിൽ നിന്ന് ദിവസവും വൈകീട്ട് 7.30ന് പുറപ്പെടുന്ന ബസ് പുലർച്ചെ 4.45ന് കന്യാകുമാരിയിലെത്തും. തിരിച്ച് കന്യാകുമാരിയിൽ നിന്ന് വൈകിട്ട് 7.45ന് പാലക്കാട്ടേക്ക് സർവീസ് ആരംഭിക്കും.
2017ൽ ആണ് മിന്നൽ സർവീസ് തുടങ്ങിയത്. ഈ ബസ് സർവീസുകൾ പെട്ടന്ന് ഹിറ്റായതോടെ വിവിധ ഡിപ്പോകളിൽ നിന്നും ദീർഘദൂര സർവീസുകൾ മിന്നൽ സർവീസ് ആയി. ജില്ലയിൽ ഒരു സ്റ്റോപ്പാണ് മിന്നലിനുള്ളത്. വേഗപരിധി ഉൾപ്പെടെ ഒഴിവാക്കുന്നതിന് ഹൈക്കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു. സ്റ്റോപ്പുകളില്ലാത്ത സ്ഥലത്ത് ഏറ്റവും എളുപ്പത്തിൽ എത്താവുന്ന റോഡിലൂടെ ബസിന് സഞ്ചരിക്കാം. ഡ്രൈവർ കം കണ്ടക്ടർ രീതിയിലാണ് ജോലി ചെയ്യുന്നത്.