കുത്ത്, കൂടിയാട്ടം കലാകാരനും രസാഭിനയ ചക്രവര്‍ത്തിയുമായ മാണി മാധവചാക്യാരുടെ സ്മരണ നിലനിര്‍ത്താന്‍ കാരയാട്ട് പണിയുന്ന സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നു. അവസാന മിനുക്കുപണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ വരുന്ന ഫെബ്രുവരി 15 ന് മാണി മാധവ ചാക്യാരുടെ ജന്മദിനമാണ്. ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മിച്ച സാംസ്‌ക്കാരിക പഠന കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ പറഞ്ഞു. മുഖ്യമന്ത്രി, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എന്നിവരെ കൊണ്ട് സ്മാരകം ഉദ്ഘാടനം നിര്‍വ്വഹിപ്പിക്കാനാണ് ശ്രമം.
75 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രാദേശികവികസന നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.
ആദ്യഘട്ടം നിര്‍മാണപ്രവര്‍ത്തനത്തിന് 25 ലക്ഷം രൂപയായിരുന്നു എം .എല്‍.എ. ഫണ്ടില്‍നിന്ന് അനുവദിച്ചിരുന്നുത്. പിന്നീട് 49 ലക്ഷം കൂടി അനുവദിച്ചു.
കൂത്ത്, കൂടിയാട്ടം, പാഠകം തുടങ്ങിയ ക്ഷേത്രകലകളും വാദ്യോപകരണങ്ങളും പരിശീലിപ്പിക്കാനുതകുന്ന വിപുലമായ സൗകര്യങ്ങളോടുകൂടിയ പഠന-പരിശീലന കേന്ദ്രമാണ് കാരയാട് തിരുവങ്ങായൂര്‍ ശിവക്ഷേത്രത്തിനു സമീപം നിര്‍മിക്കുന്നത്. മാണി മാധവചാക്യാരുടെ കുടുംബം സൗജന്യമായി നല്‍കിയ പത്തു സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. കൂത്തമ്പലം മാതൃകയിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തത്. വിവിധ ക്ഷേത്ര കലകളില്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ കേന്ദ്രത്തില്‍ പരിശീലനം നല്‍കും.
മാണി മാധവചാക്യാര്‍
കൂത്ത്, കൂട്ടിയാട്ടം തുടങ്ങിയ ക്ഷേത്ര കലകളുടെ പരി പോഷണണത്തിന് ജീവിതം ഉഴിഞ്ഞുവെച്ച അതുല്യ കലാകാരനായിരുന്നു മാണി മാധവചാക്യാര്‍. 1899ല്‍ ഫെബ്രുവരി 15ന് കാരയാടിലാണ് മാണിമാധവ ചാക്യാര്‍ ജനിച്ചത്. മരണം 1990 ജനുവരി 14ന് ഒറ്റപ്പാലത്തായിരുന്നു. സമകാലികരുടെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച് കൂത്തും കൂടിയാട്ടവും ജനകീയ കലാരൂപമാക്കിയ കലാകാരനായിരുന്നു ഇദ്ദേഹം. ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍നിന്ന് കൂടിയാട്ടത്തെയും ചാക്യാര്‍കൂത്തിനെയും പുറത്തുകൊണ്ടുവന്ന് ജനകീയമാക്കിയത് മാണി മാധവചാക്യാരാണ്.
ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളിലും കൂടിയാട്ടം അവതരിപ്പിച്ച് അദ്ദേഹം ഈ കലാരൂപത്തെ ജനപ്രിയമാക്കി. 1974-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച അദ്ദേഹത്തിന് പദ്മഭൂഷണ്‍ പുരസ്സാരവും കേന്ദ്ര സംഗീത -നാടക അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കലാമണ്ഡലം ഫെലോഷിപ്പ്, മധ്യപ്രദേശ് സര്‍ക്കാരിന്റ തുളസി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. നാട്യകല്‍പ്പ ദ്രുമം, മാണിമാധവീയം എന്നീ പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളെയും കുറിച്ച് നാട്യ കല്‍പ്പ ദ്രുമത്തില്‍ പ്രദിപാദിച്ചിട്ടുണ്ട്. കഥകളിക്ക് കണ്ണുകള്‍ നല്‍കിയ കലാകാരന്‍ എന്നാണ് വള്ളത്തോള്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
കാരയാടില്‍ മാണി മാധവചാക്യാര്‍ താമസിച്ച വീടും ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്. അടുത്ത ബന്ധുവും അധ്യാപകനും കൂത്ത് കലാകാരനുമായ മാണി മാധവാനന്ദ് ചാക്യാരുടെ കുടുംബമാണ് ഈ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്. മാണി മാധവചാക്യാര്‍ പഠന -പരിശീലന കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് അരിക്കുളം ഗ്രാമപ്പഞ്ചായത്ത് അംഗം വി.പി. അശോകന്‍ ചെയര്‍മാനായും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അബിനീഷ് കണ്‍വീനറായും ജനകീയ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. മാണി മാധവചാക്യാര്‍സ്മാരക കലാപഠനകേന്ദ്രം ഈ വര്‍ഷം തന്നെ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതന്‍ പറഞ്ഞു.