കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജിയിൽ വിധി പറഞ്ഞത്.
കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷണ മേൽനോട്ടം വഹിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടുകൾ ഡിഐജിക്ക് കൈമാറണം. അന്വേഷണ സംഘം അന്വേഷണത്തിലെ പുരോഗതി ഹർജിക്കാരിയെ അറിയിക്കണം. ഹർജിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ എസ് ഐ ടി അന്വേഷിക്കണം. കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നും എസ് ഐടി പരിശോധിക്കണം. അന്വേഷണത്തിന് ശേഷം ഡ്രാഫ്റ്റ് ഫൈനൽ റിപ്പാർട്ട് ഡിഐജി ക്ക് മുമ്പിൽ നൽകി അപ്രൂവൽ വാങ്ങണമെന്നും കോടതി നിർദ്ദേശിച്ചു. പ്രത്യേക അന്വേഷണ സംഘം തന്നെ അന്വേഷണം തുടരട്ടെയെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക സംഘത്തിന്‍റെ അന്വേഷണം കാര്യക്ഷമമാക്കാന്‍ കോടതി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥന്‍ അടക്കം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കട്ടെയെന്നാണ് കോടതിയുടെ നിര്‍ദേശം.
എന്നാല്‍ കോടതിയുടെ നടപടിയില്‍ കുടുംബം അതൃപ്‌തി പ്രകടിപ്പിച്ചു. ഉടന്‍ തന്നെ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെയോ വേണ്ടി വന്നാല്‍ സുപ്രീം കോടതിയെയോ സമീപിക്കുമെന്ന് മഞ്ജുഷയും നവീന്‍ ബാബുവിന്റെ സഹോദരനും വ്യക്തമാക്കി. പിന്‍മാറില്ലെന്നും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി. മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കകള്‍ നിലനില്‍ക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. വെറുമൊരു പ്രശാന്തിലേക്ക് മാത്രം അന്വേഷണം ഒതുങ്ങേണ്ടതില്ല. പ്രശാന്തിന് പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരണമെന്നും മഞ്ജുഷ പറഞ്ഞു. മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം.