കല്ലാനോട് : ജില്ലാ അത്‌ലറ്റിക് അസോസിയേഷനും, കല്ലാനോട് സെയ്‌ന്റ് മേരീസ് സ്പോർട്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച 29-)മത് സംസ്ഥാന ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ല ഓവറോൾ ജേതാക്കളായി. 16,18 വയസുകൾക്ക് താഴെയുള്ള ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും വിഭാഗത്തിലും, 20 വയസിനു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 52 പോയിന്റോടെ പാലക്കാട് ജില്ല ജോൺ പി മാത്യു മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കിയത്. മലപ്പുറം, കോട്ടയം ജില്ലകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ശനിയാഴ്ച രാവിലെ 6.30ന് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. കെ.എം.സച്ചിൻദേവ് എം.എൽ.എ വിജയികൾക്ക് ട്രോഫികൾ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായിരുന്നു. സെയ്ന്റ് മേരീസ് അക്കാദമി രക്ഷാധികാരി ഫാ.ജിനോ ചുണ്ടയിൽ അനുഗ്രഹപ്രഭാഷണം നടത്തി.
കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ. ചന്ദ്രശേഖര പിള്ള, ട്രഷറർ രാമചന്ദ്രൻ പിള്ള, സ്റ്റേറ്റ് നോമിനി ടി.എം.അബ്ദുറഹിമാൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മെഹറൂഫ് മണലോടി, സെക്രട്ടറി കെ.എം.ജോസഫ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഹസീന, ഗ്രാമപഞ്ചായത്തംഗങ്ങളായ സിമിലി ബിജു, അരുൺ ജോസ്, ജെസി ജോസഫ് പ്രിൻസിപ്പൽ ബിന്ദു മേരി പോൾ, ഹെഡ്മാസ്റ്റർ സജി ജോസഫ്, കൺവീനർ ജോർജ് തോമസ് എന്നിവർ സംസാരിച്ചു.