ജനനം പോലെ തന്നെ മനുഷ്യൻ ആദരിക്കപ്പെടേണ്ട ചടങ്ങാണ് മരണമെന്നും മനുഷ്യനെ ആദരവോടെ യാത്രയയ്‌ക്കേണ്ട ഇടങ്ങളാണ് ശ്മശാനങ്ങളെന്നും വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
കോഴിക്കോട് മാവൂർ റോഡിൽ കോഴിക്കോട് കോർപ്പറേഷന്റെ നവീകരിച്ച ശ്മശാന കോംപ്ലക്സ് ‘സ്മൃതിപഥം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുയിടങ്ങളെ ഡിസൈനോടെ പുനരുജ്ജീവിപ്പിക്കുക എന്ന സർക്കാർ തീരുമാനത്തിന്റെ മാതൃകയാണ് സ്മൃതിപഥം. പരിസരമലിനീകരണം ഇല്ലാത്ത വാതക, ഇലക്ട്രിക് രീതിയിലുള്ള സംസ്കാരം, മനസ്സിന് തണലേകുന്ന പൂന്തോട്ടം ഉൾപ്പെടെയുള്ള അന്തരീക്ഷം, അനുശോചനയോഗം നടത്താനുള്ള സംവിധാനം എന്നിവ ഇവിടെയുണ്ട്.
ഇത്തരത്തിലുള്ള ആധുനിക ശ്മശാനം ഒരു വ്യക്തിയുടെ മരണവേളയിൽ അവരെ ആദരവോടെ യാത്രയാക്കുന്ന ഇടമാണ്. അകറ്റി നിർത്തേണ്ട ഇടങ്ങളല്ല ശ്മശാനങ്ങൾ. അവ ആധുനികവൽക്കരിക്കുകയാണ് വേണ്ടത്, മന്ത്രി പറഞ്ഞു.
മലയാളത്തിലെ മഹാനായ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ ഭൗതികദേഹമാണ് സ്മൃതിപഥത്തിൽ ആദ്യമായി സംസ്കരിച്ചത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായിരുന്നു ഇത്.
സ്മൃതിപഥം യാഥാർഥ്യമാക്കാൻ മുൻകൈയെടുത്ത കോഴിക്കോട് കോർപ്പറേഷൻ, മുൻ എംഎൽഎ എ പ്രദീപ്കുമാർ, നിലവിലെ എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ,
ആർക്കിടെക് ഡിസൈൻ ചെയ്ത പൊതുമരാമത്ത് ആർക്കിടെക്ചർ വിഭാഗം എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
പരിപാടിയിൽ കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ
പി സി രാജൻ, പി ദിവാകരൻ, എസ് ജയശ്രീ, സി രേഖ, കൃഷ്ണകുമാരി, ഒ പി ഷിജിന, പി കെ നാസർ, കൗൺസിലർമാരായ ഒ സദാശിവൻ, കെ മൊയ്‌തീൻ കോയ, കെ സി ശോഭിത, നവ്യ ഹരിദാസ്, മുൻ എംഎൽഎ എ പ്രദീപ്കുമാർ, ടി പി ദാസൻ, കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, സൂപ്രണ്ടിങ് എഞ്ചിനീയർ എം എസ് ദിലീപ്, ഡോ മുനവർ റഹ്മാൻ എന്നിവർ സംബന്ധിച്ചു.
പുതിയ ശ്മശാനം കോംപ്ലക്സും നവീകരിച്ച പഴയ കോംപ്ലക്സും ചേർന്നുള്ളതാണ് പുതുതായി നാമകരണം ചെയ്ത സ്മൃതിപഥം.
പഴയ ശ്മശാന കോംപ്ലക്സിൽ ഒരു ഇലക്ട്രിക് ശ്മശാനവും വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ശ്മശാനവും പരമ്പരാഗത രീതിയിലുള്ള രണ്ട്
ശ്മശാനങ്ങളും ഉണ്ട്. ഇവ
നവീകരിച്ചതിന് പുറമെയാണ് വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂന്ന് ചേമ്പറുകൾ കൂടി പുതുതായി നിർമിച്ചിട്ടുള്ളത്.