വടകരയില്‍ കാരവനില്‍ യുവാക്കള്‍ മരണപ്പെട്ടത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് കണ്ടെത്തല്‍. കോഴിക്കോട് എന്‍.ഐ.ടി വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തില്‍ പടര്‍ന്ന കാര്‍ബണ്‍ മോണോക്സൈഡ് ആണ് മരണകാരണമായതെന്ന് കണ്ടെത്തിയത്. വാഹനത്തിലെ ജനറേറ്ററില്‍ നിന്നാണ് വിഷവാതകം അകത്തേക്ക് വമിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്ലാറ്റ്ഫോമിലെ ദ്വാരം വഴിയാണ് വാതകം കാരവാനിന് അകത്തെത്തിയത്. രണ്ട് മണിക്കൂറിനകം 957 പിപിഎം അളവ് കാര്‍ബണ്‍ മോണോക്സൈഡാണ് പടര്‍ന്നത് എന്ന് ശാസ്ത്ര പരിശോധനയില്‍ വ്യക്തമായി.
കഴിഞ്ഞ ഡിസംബര്‍ 23 നാണ് വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരണപ്പെട്ടത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. എരമംഗലം സ്വദേശിയുടേതാണ് കാരവന്‍. തലശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ച ശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മനോജിനെയും ജോയലിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നും എ.സിയില്‍ നിന്നുള്ള വാതകചോര്‍ച്ചയാകാം മരണ കാരണമെന്നും നേരത്തേ അന്വേഷണ സംഘം സംശയിച്ചിരുന്നു.